കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് ക്യാമ്പസ്സിനുള്ളിൽ കോളേജ് മാനേജ്‌മെന്റിനെതിരെയും അധ്യാപകർക്കെതിരെയും സഹവിദ്യാർത്ഥികളുടെ പ്രതിഷേധം. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷിനെ(20) യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ മരണത്തിനു കാരണക്കാരായവരെ ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങി മരിക്കാൻ കാരണമെന്നും ആശുപത്രിയിൽ എത്തിക്കുന്നതിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിയുടെ മരണം സംഭവിച്ചെങ്കിലും യാതൊരുവിധ പ്രതികരണങ്ങളും നടത്തരുതെന്ന് വിദ്യാർത്ഥികളോട് അധികൃതർ ആവശ്യപ്പെട്ടതായും വിദ്യാർത്ഥികൾ പറഞ്ഞു. എച് ഓ ഡി റൂമിലേക്ക് വിളിച്ചതിനു ശേഷമാണ് ശ്രദ്ധ മാനസികമായി തകർന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം. തിരികെയെത്തിയ സഹപാഠികൾ മുറി അകത്തു നിന്നും പൂട്ടിയിരിക്കുന്നത് കണ്ടു വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ശ്രദ്ധയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സഹപാഠികൾ വിവരമറിയിച്ചതുനുസരിച്ച് ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥിനിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അധികൃതർ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കുന്നതിലും തക്ക സമയത്ത് തുടർ ചികിത്സ നൽകുന്നതിലും വീഴ്ച വരുത്തിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച ശേഷം ആശുപത്രിയിൽ കോളേജ് അധികൃതർ പറഞ്ഞത് കുഴഞ്ഞു വീണതെന്ന് എന്ന് ആണ്. ഇതിനുള്ള മരുന്നുകൾ ആണ് ആദ്യം ആശുപത്രിയിൽ നൽകിയത്. എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ കഴുത്തിലെ പാട് കണ്ടതിനു ശേഷം വീണ്ടും ചോദിച്ചപ്പോഴാണ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ തൂങ്ങിയതാണെന്ന വിവരം അധികൃതർ ആശുപത്രിയിൽ അറിയിക്കുന്നത്. തക്ക സമയത്ത് വിദഗ്ദ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ ഇപ്പോഴും ശ്രദ്ധ തങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നു എന്നും വിദ്യാർത്ഥികൾ പറഞ്ഞു. ചികിത്സ നൽകുന്നതിലും കോളേജ് അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകളുടെ മരണത്തിൽ ആരോപണമുന്നയിച്ച ശ്രദ്ധയുടെ മാതാപിതാക്കളും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ ആദ്യം വിദ്യാർത്ഥികൾ തയ്യാറായിരുന്നില്ല, എന്നാൽ ഇന്ന് കോളേജ് വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി ക്യാമ്പസ്സിനുള്ളിൽ ശ്രദ്ധയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടും കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധം നടത്തുകയായിരുന്നു. അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതായും പരാതി നൽകുകയോ പ്രതികരിക്കുകയോ ചെയ്‌താൽ എക്‌സാമിന്‌ മാർക്ക് കുറയ്ക്കുകയും ലാബ്, ഇന്റേണൽ എക്‌സാമുകളിൽ മാർക്ക് കുറയ്ക്കുകയും തുടങ്ങിയ പ്രതികാര നടപടികളാണ് സ്വീകരിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കോളജിന്റെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടർന്ന് അധികൃതർ ഫോൺ പിടിച്ചു വയ്ക്കുകയും ശകാരിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഫോൺ തിരികെ കിട്ടാനായി മാതാപിതാക്കൾ കോളേജിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന കാര്യവും കോളജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധികൃതരുടെ ശകാരം വിദ്യാർത്ഥിനിയെ മാനസികമായി തകർത്തതായും സഹപാഠികൾക്ക് മുൻപിൽ അപമാനിതയായതായും ഇതേത്തുടർന്ന് മാനസിക ബുദ്ധിമുട്ട് നേരിട്ടതായും കുടുംബം പറയുന്നു.