ഈരാറ്റുപേട്ട: കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം, വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതി രമണീയമായ നയനാന്ദകരമായ നിരവധി കാഴ്ചകൾ... ഒപ്പം ഏറ്റവും സൂക്ഷിക്കേണ്ടയിടവും... അതാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട തീക്കോയി മംഗളഗിരിയിലെ മാർമല അരുവിയും വെള്ളച്ചാട്ടവും. ദിനംപ്രതി നിരവധിപ്പേരാണ് ദൂരെദേശങ്ങളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി മാർമല അരുവിയുടെയും വെള്ളച്ചാട്ടത്തിന്റെയും ഭംഗി ആസ്വദിക്കാനായി എത്തുന്നത്. മാർമല അരുവിയിൽ ഇതിനോടകം നിരവധിപ്പേരുടെ ജീവനാണ് നഷ്ടമായത്. കഴിഞ്ഞ ദിവസവും അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ ജീവൻ നഷ്ടമായിരുന്നു. ഇന്ന് വൈക്കത്തു നിന്നും മാർമല അരുവിയും വെള്ളച്ചാട്ടവും കാണാനെത്തിയ 6 അംഗ സംഘമാണ് കുടുങ്ങിയത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അരുവിയിലെ ജലനിരപ്പ് അപകടകരമാം വിധം വർദ്ധിക്കുകയായിരുന്നു. ഇതേതുടർന്ന് 6 അംഗ സംഘം അരുവിക്കരയിലെ പാറപ്പുറത്ത് നിലയുറപ്പിക്കുകയായിരുന്നു. ശക്തമായ ഒഴുക്ക് ആരംഭിച്ചതോടെ ഇവർക്കു മറുകരയിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ പോലീസ്, അഗ്നിരക്ഷാ സേന, നന്മക്കൂട്ടം പ്രവർത്തകർ, ടീം എമെർജെൻസി പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ കൂട്ടായ ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് വൈക്കത്തു നിന്നും എത്തിയ സംഘത്തെ രക്ഷപ്പെടുത്താൻ സാധിച്ചത്. അരുവിക്ക് കുറുകെ രക്ഷാപ്രവർത്തകർ വടം കെട്ടിയുറപ്പിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അരുവിയിലെ ജലനിരപ്പ് അപകടകരമാം വിധം വർദ്ധിക്കുകയായിരുന്നു. സംഘം അരുവിയുടെ താഴെ നടുവിലായി പാറമുകളിൽ നിലയുറപ്പിക്കുകയായിരുന്നു. ശാന്തതയെ വകഞ്ഞുമാറ്റി നിമിഷനേരംകൊണ്ട് മലവെള്ളം ഇരച്ചെത്തിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയിരുന്നു ഇവർ. നീണ്ട മണിക്കൂറുകൾക്കിപ്പുറം മറുകരയെത്തിയപ്പോഴാണ് ശ്വാസം നേരെയായത്. മാർമല അരുവിയിൽ കുടുങ്ങിക്കിടന്ന വൈക്കം സ്വദേശികൾക്ക് ഇത് പുതുജീവനാണു. വൈക്കത്തു നിന്നുംചെറുപ്പക്കാരായ ആറു പേരെടങ്ങുന്ന സംഘം ഇന്ന് ഉച്ചതിരിഞ്ഞു തീക്കോയി മംഗളഗിരി മാർമല അരുവി സന്ദർശിക്കാൻ എത്തിയതായിരുന്നു അരുവിയിൽ കുളികഴിഞ്ഞു അരുവിയുടെ താഴെ പാറപ്പുറത്തു ഇരിക്കുമ്പോഴാണ് ചുറ്റൊടു ചുറ്റും ആർത്തിരമ്പി മലവെള്ളം വരുന്നത് എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയ ആറു പേർക്കും പുതു ജീവിതം തിരികെ നൽകിയത് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടവും ഈരാറ്റുപേട്ട ഫയർ ഫോഴ്‌സും ഈരാറ്റുപേട്ട പോലീസ് ഉദ്യോഗസ്ഥർ ടീം എമർജൻസിയും നാട്ടിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരും കൂടിയാണ്. കഴിഞ്ഞ ദിവസം മാർമല അരുവിയിൽ മുങ്ങി മരണപെട്ട മാർമല സ്വദേശിയുടെ മരണത്തോടെ വീണ്ടും ഒരു മുന്നറിയിപ്പ് ബോർഡ് കൂടി സ്ഥാപിക്കാൻ പോയ ടീം നന്മകൂട്ടം പ്രവർത്തകർ ഇരമ്പി വരുന്ന മലവെള്ളം കണ്ട് നിൽകുമ്പോഴാണ് വെള്ളത്തിനു നടുവിലായി പാറപ്പുറത്തു 6 പേരടങ്ങുന്ന സംഘം അകപ്പെട്ടതായി കണ്ടത് ടീം അംഗങ്ങളെയും പോലീസിലും ഫയർ ഫോഴ്‌സിനെയും ടീം എമെർജെൻസിയെയും വിവരം അറിയിച്ചു രക്ഷപ്രവർത്തനത്തിനുള്ള വടവും മറ്റു സാമഗ്രികളും എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ അവശ്യ വസ്തുക്കളുമായി അവർ എത്തിച്ചേരുകയും അതി സഹസികമായി രക്ഷപ്രവർത്തനത്തിലൂടെ ആറു പേരടങ്ങുന്ന സംഘത്തെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചു രക്ഷപ്പെടുത്തുകയുമായിരുന്നു. മലവെള്ളത്തെ കീറിമുറിച്ചു രക്ഷപ്രവർത്തകരുടെ കൈകളിൽ അവരുടെ ജീവൻ മുറുകെ പിടിച്ചു നടന്നു കയറിത് അവരുടെ പുതു ജീവിതത്തിലേക്ക് ആണ്. നിരവധി ജീവനുകൾ ഇതിനോടകം അപഹരിച്ച മാർമലയിലെ അടുത്ത ജീവൻ നിങ്ങളുടേതാവാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് രക്ഷാപ്രവർത്തകർ.