പുലിപ്പേടിയിൽ എരുമേലി, വീടിനു പിന്നിൽ പുലിയെ കണ്ടെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.


എരുമേലി: എരുമേലിയിൽ ജനങ്ങൾക്കിടയിൽ നിന്നും പുലിപ്പേടി വിട്ടകലുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടതും വളർത്തു മൃഗങ്ങളെ ആക്രമിച്ചതും കാട്ടുപൂച്ചയാണെന്ന നിഗമനത്തിൽ വനം വകുപ്പ് നിൽക്കവേ ഇപ്പോൾ വീടിനു പിന്നിൽ പുലിയെ കണ്ടെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറയുന്നു.

 

 കഴിഞ്ഞ ദിവസം ഉച്ചക്ക് 2 മണിക്ക് പമ്പാവാലി മേഖലയിലാണ് സംഭവം. വീടിനു പിന്നിൽ ജോലി ചെയ്തു നിൽക്കുന്നതിനിടെ കോഴികളുടെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ അധികമില്ലാത്ത ദൂരത്ത് പുലി നിൽക്കുന്നതായി കണ്ടതായി എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

 പുലിയെ കണ്ടു ബഹളം വെച്ചതോടെ പുലി സമീപത്തെ തോട്ടത്തിലേക്ക് മറയുകയായിരുന്നു. വിവരമറിയിച്ചതോടെ വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വീടിനു സമീപം ഇന്നു ക്യാമറ സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫിസർ അജികുമാർ പറഞ്ഞു.