പകർച്ചപ്പനി പ്രതിരോധം: സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങൾക്കും ദിശ കോൾ സെന്റർ.


തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു. നിലവിലെ ദിശ കോൾ സെന്റർ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിൽ നിന്നുമുള്ള ഡോക്ടർമാരുടേയും സേവനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കോൾ സെന്റർ പ്രവർത്തന സജ്ജമാക്കിയത്.

 

 ദിശയിലെ കൗൺസിലർമാർ, ഡോക്ടർമാർ, ഇ സഞ്ജീവനി ഡോക്ടർമാർ എന്നിവരെ കൂടാതെ എല്ലാ ജില്ലകളിൽ നിന്നും ജില്ലാ സർവയലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നതാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ പേരുടെ സേവനം ലഭ്യമാക്കുന്നതാണ്. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങൾക്കും ദിശയിൽ വിളിക്കാവുന്നതാണ്. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്ടർമാരോട് സംസാരിക്കാവുന്നതാണ്. ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

 

 മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1, സിക്ക, ശ്വാസകോശ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ തുടങ്ങിയ പലതരം രോഗങ്ങൾ ബാധിക്കാം. രോഗത്തിന്റെ ആരംഭത്തിലും ചികിത്സാ ഘട്ടത്തിലും അതുകഴിഞ്ഞും പലർക്കും പല സംശയങ്ങൾ ഉണ്ടാകാം. ഇതിനുള്ള പരിഹാരമായാണ് ദിശ കോൾ സെന്റർ പ്രവർത്തിക്കുക. മുൻകരുതലുകൾ, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകർച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാർക്ക് ഫോൺ കൈമാറും. വീട്ടിലുള്ള ആർക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂർച്ഛയോ ഉണ്ടായാൽ ദിശ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്ടർമാർ പറഞ്ഞുതരും. ആവശ്യമായവർക്ക് ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.