കോട്ടയത്ത് വീണ്ടും പഴകിയ മീൻ പിടികൂടി.


കോട്ടയം: കോട്ടയത്ത് വീണ്ടും പഴകിയ മീൻ പിടികൂടി. ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുകതമായി നടത്തിയ പരിശോധനയിലാണ് വീണ്ടും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പഴകിയ മീൻ പിടി കൂടിയത്. കോട്ടയം, ചങ്ങനാശേരി, വൈക്കം എന്നീ മേഖലകളിലായിരുന്നു പരിശോധന.

 

 കോട്ടയത്ത് മണിപ്പുഴ നാട്ടകം ഗെസ്റ്റ് ഹൗസ് റോഡിൽ മണിപ്പുഴ ജംക്‌ഷന് സമീപത്തെ മത്സ്യ വിൽപനശാലയിൽ നിന്നു 18 കിലോ പഴകിയ മീനാണ് പിടികൂടിയത്. സംഭവത്തിൽ സ്ഥാപന ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തു. കോട്ടയത്ത് 11 സ്ഥലങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.

 

 ചങ്ങനാശ്ശേരിയിൽ 6 മത്സ്യ വില്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. വൈക്കത്ത് നടത്തിയ പരിശോധനയിൽ 4 കിലോ പഴകിയ മത്സ്യം പിടികൂടി. വൈക്കം കോലോത്തും കടവ് മാർക്കറ്റിൽ നിന്നുമാണ് പഴകിയ മത്സ്യം പിടികൂടിയത്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയ മീനുകൾ ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുത്തിരുന്നു. മണിപ്പുഴയിലെ മത്സ്യ വ്യാപാര കേന്ദ്രത്തിൽ നിന്നും ഇത് രണ്ടാം തവണയാണ് പഴകിയ മീൻ പിടികൂടുന്നത്. ദിവസങ്ങൾക്ക് മുൻപ് കോട്ടയം തിരുവാർപ്പ് ഇല്ലിക്കൽ കവലയിലെ മത്സ്യ വ്യാപാര കേന്ദ്രത്തിൽ നിന്നും 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയിരുന്നു.