ലഹരി വസ്തുക്കൾക്കെതിരായ ബോധവൽക്കരണം നാടിന് ആവശ്യം: മാർ ജോസഫ് പെരുന്തോട്ടം.


ചങ്ങനാശ്ശേരി: ലഹരി വസ്തുക്കൾക്കെതിരായ ശരിയായ ബോധവൽക്കരണം നാടിന് അനിവാര്യമാണെന്ന് മാർ ജോസഫ് പെരുന്തോട്ടം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസും ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റും ആത്മതാ കേന്ദ്രവും സംയുക്തമായി നടത്തുന്ന കലാലയ ലഹരിമുക്ത പദ്ധതി - STUDENTS  AGAINST NARCOTICS 2023 (SAN) എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം.

 

 കൗമാരത്തെ നശിപ്പിക്കുന്ന ലഹരി വസ്തുക്കളിൽനിന്ന് അകലം പാലിക്കുവാൻ കുട്ടികൾ നിതാന്ത ജാഗ്രത പുലർത്തണമെന്നും പിതാവ് ഓർമിപ്പിച്ചു. ജീവിതത്തെ സമ്പൂർണ്ണമായി തകർക്കുന്ന ലഹരി വസ്തുക്കളിൽ നിന്ന് പരിപൂർണ്ണമായി അകന്നു നിൽക്കണമെന്ന് SAN 2023 ഉദ്ഘാടനം ചെയ്തുകൊണ്ട് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് സഹായം എപ്പോഴും ലഭ്യം ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

 

 കോട്ടയം ജില്ലാ നാർക്കോട്ടിക് ഡിവൈഎസ്പി സി. ജോൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആത്മതാകേന്ദ്രം ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം SAN-2023 വിഷയാവതരണം നടത്തി. ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിന സന്ദേശം നൽകി. എസ് ബി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഫാ. റോജി വല്ലയിൽ, കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപതാ പ്രസിഡൻറ് റാംസേ ജെ. റ്റി., ആത്മതാകേന്ദ്രം സെക്രട്ടറി ടി എം മാത്യു എന്നിവർ ആശംസയും സ്കൂൾ മാനേജർ ഡോ. ക്രിസ്റ്റോ  നേര്യംപറമ്പിൽ സ്വാഗതവും തോമസ്കുട്ടി മണക്കുന്നേൽ കൃതജ്ഞതയും അർപ്പിച്ചു. കെ പി  മാത്യു, ലൗലി മാളിയേക്കൽ, ട്രീസാ മാത്യു, തോമാച്ചൻ കല്ലുകളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.