വാർഷിക പദ്ധതി നടപ്പിലാക്കാൻ കോട്ടയം മുനിസിപ്പാലിറ്റി തയ്യാറാവണം: ബി ജെ പി.


കോട്ടയം: കോട്ടയം മുൻസിപ്പാലിറ്റിയിൽ വാർഷിക പദ്ധതി നടപ്പിലാക്കാൻ മുൻസിപ്പാലിറ്റി ഭരണസമിതി തയ്യാറാവണമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻലാൽ പറഞ്ഞു. കോട്ടയം നഗരസഭയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ  കോട്ടയം നഗരസഭയിലേയ്ക് ബി ജെ പി നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 2023 - 24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി തയ്യാറാക്കുകയോ ഒരു പദ്ധതി പോലും ജില്ല ആസൂത്രണ സമതിക്ക് സമർപ്പികുകയോ ചെയ്യാത്ത കേരളത്തിലെ ഏക നഗരസഭയാണ് യു ഡി എഫ് ഭരിക്കുന്ന കോട്ടയം നഗരസഭ. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ മാസങ്ങളായി കൗൺസിലിൽ അവതരിപ്പിക്കാനോ അഗീകരിക്കാനോ കഴിയാതെ പാവപ്പെട്ടവരുടെ പെൻഷൻ നിഷേധിക്കുന്നു. ശുചീകരണ തൊഴിലാളികൾക്ക് അഞ്ച് മാസത്തെ ശമ്പളം കുടിശ്ശികയാണ് നിലവിൽ. മാർച്ച് മാസത്തിനു ശേഷം ഒരു പദ്ധതികൾക്കായും ഒരു രൂപ പോലും ചിലവഴിക്കാൻ സാധിച്ചിട്ടില്ല. നഗരസഭയിലെ 52 വാർഡുകളിലുമുള്ള കിടപ്പുരോഗികളെ പരിചരിക്കുന്ന സ്റ്റാഫിന് നാലുമാസമായിട്ടും വേതനം നൽകാത്തത് ഗുരുതര വീഴ്ചയാണ് എന്നും അദ്ദേഹം ആരോപിച്ചു.

 

 നഗരസഭയിലെ മുഴുവൻ വാർഡുകൾക്കും തുല്യമായി നടത്തേണ്ട പദ്ധതികളെ ചെയർപേഴ്സണും എംഎൽഎയ്ക്കും കൂട്ട് നിൽക്കുന്ന ആളുകളുടെ വാർഡുകളിൽ മാത്രം നടത്താൻ ശ്രമിക്കുന്നു എന്നതും നേർ കാഴ്ചയാണ് എന്ന് അദ്ദേഹം പറഞ്ഞു. തെരുവ് വിളക്കുകൾ പരിപാലിക്കുന്നതിന് യാതൊരു സംവിധാനവും നിലവിൽ കോട്ടയം മുനിസിപ്പാലിറ്റിയിൽ ഇല്ല. കഴിഞ്ഞവർഷം തന്നെ സമയബന്ധിതമായി പദ്ധതി തീർക്കാത്തതുകൊണ്ട് 188 പ്രോജക്ട് സ്പില്‍ ഓവറായതിനാൽ 2023-24 വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നും ഈ വർഷത്തെ പണത്തിൽ കുറവ് വരും. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയിട്ടുള്ള പദ്ധതികളാണ് നിലവിലെ ചെയർപേഴ്സൺ കൂട്ടരും നടത്തുന്നത് എന്നും അതിന് കോട്ടയം എം എൽ എ യുടെ ഒത്താശ ഉണ്ടെന്നും ബി ജെ പി ആരോപിച്ചു. എം എൽ എ യുടെ വികസനത്തിന്റെ പേരിൽ എം എൽ എ കാണിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ കൊണ്ട് തന്നെ കോടി കണക്കിന് രൂപ ജനങ്ങളുടെ നികുതിപ്പണം നഷ്ടം വരുത്തിയിട്ടുണ്ടെന്നും അപ്പ്രോച്ച് റോഡ് പോലുമില്ലാത്ത കോടിമതയിലെ പാലവും ആകാശപാതയും അതിന്റെ  ഏതാനും ചില ഉദാഹരണങ്ങളാണ് എന്നും ലിജിൻ ലാൽ പറഞ്ഞു. നിലവിലെ യു ഡി എഫ് ഭരണസമിതിയ്ക്ക് ഭരിക്കാൻ അറിയില്ലങ്കിൽ 8 കൗൺസിലർമാരുള്ള ബിജെപി ഭരിച്ചു കാണിച്ചു തരാമെന്നും ലിജിൻ ലാൽ പറഞ്ഞു. ബി ജെ പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഭുവനേഷ്, ജില്ലാ സെക്രട്ടറിമാരായിട്ടുള്ള അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ,എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം സി എൻ സുഭാഷ്, മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം, കെ ശങ്കരൻ, സുമേഷ്, ടി ആർ അനിൽകുമാർ, വിനു ആർ മോഹൻ, ബിജുക്കുമാർ പി എസ്, ദിവ്യ സുജിത്, ജയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.