കരുതലിന്റെ കരങ്ങളാണ് നേഴ്സുമാർ: ജില്ലാ കലക്ടർ.


കോട്ടയം: കരുതലിന്റെ കരങ്ങളാന്ന് നേഴ്സുമാരുടേതെന്ന് ജില്ലാ കലക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു. നേഴ്സസ് വാരാഘോഷത്തിന്റെ സമാപനം കെപിഎസ് മേനോൻ ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഡോക്ടർക്കൊപ്പം നേഴ്സുമാരുടെ സേവനം തുല്യ പ്രാധാന്യമുള്ളതാണ്. നേഴ്സിംഗ് സ്ഥാപനങ്ങളിൽ നിന്നും അറിവും തുടർ പരിശീലനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ചികിത്സാ രീതികൾ മാറി വരുകയാണ് അതിന് അനുസരിച്ച് നേഴ്സുമാരും പുതിയ പുതിയ അറിവുകൾ നേടണമെന്നും കലക്ടർ പറഞ്ഞു. 



ഡോക്ടർമാർ നല്ല ചികിത്സ ഒരു രോഗിക്ക് നൽകണമെങ്കിൽ ശക്തമായ നേഴ്സിംഗ് സമൂഹം പിന്നിലുണ്ടായിരിക്കുമെന്നും കളക്ടർ കൂട്ടിചേർത്തു. ചടങ്ങിൽ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ട ഡോ. വന്ദന ദാസിന് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് യോഗം തുടങ്ങിയത്. സർവിജ്ഞാന കോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം വിനു മോഹൻ വിശിഷ്ടാതിഥിയായി. ഗവ. നേഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.വി കെ ഉഷ നേഴ്സസ് ദിന സന്ദേശം നൽകി. കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഫാ.ബിനു കുന്നത്ത്, എം സി എച്ച് ഓഫീസർ കെ എസ് വിജയമ്മാൾ, മെഡിക്കൽ കോളേജ് ചീഫ് നേഴ്സിംഗ് ഓഫീസർ പി ആർ സുജാത, കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹേന ദേവദാസ്, കെ ജി എൻ യു ജില്ലാ പ്രസിഡന്റ് രേഖ  തോമസ് എന്നിവർ സംസാരിച്ചു. 



ജില്ലാ നേഴ്സിംഗ് ഓഫീസർ ഉഷ രാജഗോപാൽ സ്വാഗതവും ഐസിഎച്ച് നഴ്സിംഗ് സൂപ്രണ്ട് എം എൻ ബിജി നന്ദിയും പറഞ്ഞു. നഴ്സസ് വാരാഘോഷ കമ്മിറ്റിയുടെ മുൻ സംഘാടകരായ ജില്ലയിൽ നിന്നും ബി ഷൈല(മുൻ പ്രിൻസിപ്പൽ ഗവ സ്കൂൾ ഓഫ് നഴ്സിംഗ് ) സി എസ് ശ്രീദേവി (റിട്ട. നഴ്സിംഗ് സൂപ്രണ്ട് ഗവ.ഹോസ്പിറ്റൽ കോട്ടയം)എന്നിവരെ യോഗം ആദരിച്ചു. ഒരാഴ്ചയായി നടന്നുവന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. മാർസ്ലീവാ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനികളുടെ സ്വാഗതം അരുളിയ നൃത്താവിഷ്‌കരവും സമാപന സമ്മേളത്തിന് കൂടുതൽ ഭംഗിയേകി. ആർട്സ് ആൻഡ് സ്പോർട്സ് എവറോളിംഗ് ട്രോഫി ഗവൺമെൻറ് നഴ്സിംഗ് കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 



ആർട്സിൽ രണ്ടാം സ്ഥാനം മാർ സ്ലീവാ കോളേജ് ഓഫ് നേഴ്സിംഗ് പാലായും ചെത്തിപ്പുഴ സെൻറ് തോമസ് കോളേജ് ഓഫ് നേഴ്സിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായിക മത്സരത്തിൽ മാർ സ്ലീവാ കോളേജ് ഓഫ് നഴ്സിംഗ് രണ്ടാം സ്ഥാനവും കിടങ്ങൂർ ലിറ്റിൽ ലൂർദ് കോളേജ് ഓഫ് നേഴ്സിങ് മൂന്നാം സ്ഥാനവും നേടി. നഴ്സസ് ദിന റാലിയിൽ വിദ്യാർഥി വിഭാഗം തിരുഹൃദയ കോളേജ് ഓഫ് നേഴ്സിങ് കോട്ടയം ഒന്നാം സ്ഥാനവും ഗവൺമെൻറ് നഴ്സിംഗ് സ്കൂൾ രണ്ടാം സ്ഥാനവും മാർ സ്ലീവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും നല്ല ഫ്ലോറൻസ് നൈറ്റിംഗ്‌ഗേൾ വേഷത്തിനുള്ള അവാർഡ് മാർ സ്ലീവാ കരസ്ഥമാക്കി. സ്റ്റാഫ് വിഭാഗത്തിൽ ജനറൽ ആശുപത്രി കോട്ടയം ഒന്നാം സ്ഥാനവും മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി ജനറൽ ആശുപത്രി മൂന്നാം സ്ഥാനവും നേടി. മികച്ച ഫ്ലോറൻസ് നൈറ്റിംഗ് ഗേൾ വേഷത്തിന് കോട്ടയം ജി എച്ച് അർഹരായി. നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ വർണ്ണാഭമായ റാലി ജനറൽ ആശുപത്രി പരിസരത്തു നിന്നും കെപിഎസ് മേനോൻ ഹാളിലേക്ക് നടന്നു. ജില്ലാ നഴ്സിംഗ് ഓഫിസർ ഉഷാ രാജഗോപാൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മാർ സ്ലീവ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സി. മരിയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.