കർണ്ണാടക രാഷ്ട്രീയത്തിൽ വേരുറപ്പിച്ചു കോട്ടയം ചിങ്ങവനം സ്വദേശി, നിയമസഭാ തെരഞ്ഞെടുപ്പിൽ സർവജ്ഞനഗർ മണ്ഡലത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയുമായ കെ.


കോട്ടയം: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സർവജ്ഞനഗർ മണ്ഡലത്തിൽ കോട്ടയം സ്വദേശിയും മുൻ മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയുമായ കെ.ജെ.ജോർജ് വിജയിച്ചു. 

കേരളത്തിൽ നിന്നുമെത്തി കർണ്ണാടക രാഷ്ട്രീയത്തിൽ വേരുറപ്പിച്ചു സജീവ സാന്നിധ്യമായ വ്യക്തിയായ കെ.ജെ.ജോർജ് കോട്ടയം ചിങ്ങവനം സ്വദേശിയാണ്. കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് കെ.ജെ.ജോർജ്. 2013 മുതൽ 2015 വരെ കർണ്ണാടക ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. കോട്ടയത്തു നിന്നും ആദ്യം കുടകിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും എത്തിയതാണ് കെ.ജെ.ജോർജ്. 

അഞ്ച് തവണ വീതം സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയും നിയമസഭാംഗവുമായ ജോർജ് കർണാടക മുൻ മുഖ്യമന്ത്രിയായ കെ.സിദ്ധരാമയ്യയുടെ വിശ്വസ്ഥനായാണ് അറിയപ്പെടുന്നത്. കോട്ടയം ചിങ്ങവനം സ്വദേശി കെ.ചാക്കോ ജോസഫിൻ്റെയും മറിയാമ്മയുടേയും മകനായി 1949 ഓഗസ്റ്റ് 24ന് ജനനം. 1960-ൽ കർണാടകയിലെ കൊടക് ജില്ലയിലേക്ക് കുടിയേറിയ ജോർജിൻ്റെ കുടുംബം പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊന്നുംപേട്ട ഗവ.ജൂനിയർ കോളേജിൽ നിന്നും പ്രീഡിഗ്രി നേടി പഠനം പൂർത്തിയാക്കി. 

1968-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നതോടെയാണ് ജോർജിൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1994-ൽ കർണാടക മുൻ മുഖ്യമന്ത്രിയായിരുന്ന എസ്.ബംഗാരപ്പക്കൊപ്പം കോൺഗ്രസ് വിട്ടെങ്കിലും 1999-ൽ കോൺഗ്രസ് പാർട്ടിയിൽ തിരികെയെത്തി. യുവജന സംഘടനയായ യൂത്ത് കോൺഗ്രസിലൂടെ പാർട്ടിയിലെത്തിയ ജോർജ് കർണാടക പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി അംഗം , സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 

2008 മുതൽ സർവജ്ഞനനഗർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും കർണാടക പി.സി.സിയുടെ ജനറൽ സെക്രട്ടറിയും കർണാടകയിൽ നിന്നുള്ള എ.ഐ.സി.സി അംഗവുമാണ്. ഭാര്യ : സുജ ജോർജ്, മക്കൾ : റാണാ,റനിത.