കോട്ടയം ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ 31 നു സർവ്വീസിൽ നിന്നും വിരമിക്കും, പടിയിറങ്ങുന്നത് കോട്ടയത്തിൻ്റെ ജനകീയ ജില്ലാ കളക്ടർ!


കോട്ടയം: സംസ്ഥാനത്തിനാകെ അഭിമാനമാകത്തക്കവിധം ജില്ലയുടെ വികസനത്തിനാവശ്യമായ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ കോട്ടയത്തിന്റെ ജനകീയ ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ 31 നു സർവ്വീസിൽ നിന്നും വിരമിക്കും. തന്റെ സർവ്വീസ് കാലയളവിൽ ജന്മനാട്ടിൽ ജില്ലാ കലക്ടറായതിന്റെ സന്തോഷവും ഒട്ടും ചെറുതല്ല എന്ന് പി കെ ജയശ്രീ പറയുന്നു. 

വൈക്കം സ്വദേശിനിയാണ് ഡോ.പി കെ ജയശ്രീ. കോട്ടയം ജില്ലയുടെ 47-ാമത് കളക്ടറായാണ് ഡോ. പി.കെ. ജയശ്രീ 2021 ജൂലൈ 13 നു ചുമതലയേറ്റത്. പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് ഡോ. ജയശ്രീ കോട്ടയം കളക്ടറായി നിയമിക്കപ്പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, കൃഷി വകുപ്പ് ഡയറക്ടര്‍, സഹകരണ രജിസ്ട്രാര്‍, തൃശൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, തിരുവല്ല, തൃശൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ആര്‍.ഡി.ഒ, കോട്ടയം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. 

വൈക്കം ഉദയനാപുരത്ത് പുഴക്കര വീട്ടിൽ പി.എൻ.കൃഷ്ണൻകുട്ടിനായരുടെയും പി.എം.രാധാമണിയുടെയും മകളാണ് ജയശ്രീ. പിതാവിന്റെ ജോലി സ്ഥലം തൃശ്ശൂരിൽ ആയതിനാൽ പഠിച്ചതും വളർന്നതുമെല്ലാം തൃശ്ശൂരിൽ ആയിരുന്നു. കോട്ടയത്ത് ഡെപ്യൂട്ടി കളക്ടറായും ചങ്ങനാശേരി താലൂക്ക് ഓഫീസറായും തഹസിൽദാരായും സേവനമനുഷ്ഠിച്ചിട്ടുള ജയശ്രീക്ക് കോട്ടയത്തിന്റെ മേഖലകൾ കൂടുതൽ പരിചിതമായിരുന്നു. 1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 

കാസര്‍കോട്  റവന്യു വകുപ്പില്‍ ഡപ്യൂട്ടി കളക്ടറായും തൃശൂരില്‍ ഡെപ്യൂട്ടി കളക്ടറായും ഡോ. ജയശ്രീ സേവനമനുഷ്ടിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയത്.  മികച്ച ഡെപ്യൂട്ടി കളക്ടറെന്ന ബഹുമതി കാസര്‍കോട്ടെയും തൃശൂരിലെയും സേവനത്തിനു ജയശ്രീയെ തേടി എത്തിയിട്ടുണ്ട്. സി വി രവീന്ദ്രനാണ് ഭര്‍ത്താവ്. ഡോ. ആരതി, അപര്‍ണ്ണ എന്നിവരാണ് മക്കൾ.  

അതിദരിദ്രരില്ലാത്ത കേരളം പദ്ധതി, പട്ടയങ്ങൾ ലഭ്യമാക്കൽ തുടങ്ങി വിവിധ ക്ഷേമ പദ്ധതികൾ മറ്റു ജില്ലകൾക്ക് മാതൃകയാകും വിധം നടപ്പാക്കാൻ ഇക്കാലയളവിനുള്ളിൽ പി കെ ജയശ്രീയ്ക്ക് സാധിച്ചു. കോട്ടയം ജില്ലയുടെ വെബ്‌സൈറ്റിന് ഡിജിറ്റൽ ഇന്ത്യ ദേശീയ പുരസ്‌കാരവും സംസ്ഥാന സർക്കാർ അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി നടപ്പാക്കിയ പദ്ധതിക്കായി അതിവേഗം ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തിയതിന് ഭരണനിർവഹണത്തിനുള്ള ദേശീയ പുരസ്‌കാരമായ 'സ്‌ക്കോച്ച്' അവാർഡും ലഭിച്ചു.