എരുമേലിയിൽ ചേനപ്പാടിയിലും പഴയിടത്തും സമീപ പ്രദേശങ്ങളിലും ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ, നേരിയ ഭൂചലനം എന്ന് സംശയം, ആശങ്കയിൽ നാട്.


എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ചേനപ്പാടിയിലും പഴയിടത്തും സമീപ പ്രദേശങ്ങളിലും ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച രാത്രി 8:45 ഓടെയാണ് ഈ മേഖലകളിൽ ഭൂമിക്കടിയിൽ നിന്നും അസാധാരണമായ പ്രകമ്പനങ്ങളോട്കൂടിയ മുഴക്കങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞത്. 

പെട്ടന്നുണ്ടായ അനുഭവത്തിൽ ഭയപ്പെട്ട നാട്ടുകാർ വീടുകളിൽ നിന്നും പുറത്തിറങ്ങി. നേരിയ ഭൂചലനം എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ  വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചതായി പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നും ചൊവ്വാഴ്ച രാവിലെ ജിയോളജി വിദഗ്ധർ സ്ഥലത്തെത്തി ആവശ്യമായ വിദഗ്ധ പരിശോധനകൾ നടത്തുന്നതാണ് എന്നും എം എൽ എ പറഞ്ഞു. 

ചേനപ്പാടി ആലുംമൂട് ഭാഗത്തും ഭൂമിക്കടിയിൽ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. വലിയ രീതിയിലുള്ള രണ്ടു മുഴക്കങ്ങളാണ് കേട്ടതെന്നും പാത്രങ്ങൾ ഇളകിയതായും നാട്ടുകാർ പറഞ്ഞു.