സ്‌കൂൾ വിപണി വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർഫെഡിന്റെ സ്‌കൂൾ മാർക്കറ്റ്: കൺസ്യൂമർഫെഡ് മൊബൈൽ ത്രിവേണിയിൽ സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചു.


കോട്ടയം: സ്‌കൂൾ വിപണി വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർഫെഡിന്റെ സ്‌കൂൾ മാർക്കറ്റ് കൺസ്യൂമർഫെഡ് മൊബൈൽ ത്രിവേണിയിൽ ആരംഭിച്ചു. പൊതുവിപണിയിൽ നിന്ന് 40 ശതമാനം വിലക്കുറവിൽ സ്‌കൂളിലേക്ക് ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ സാമഗ്രികളും വാങ്ങാനാകും. ചെറിയ ബാഗുകൾ 345 രൂപ മുതലും വലിയ ബാഗുകൾ 640 രൂപ മുതലും ലഭിക്കും. 

200 പേജുള്ള ചെറിയ നോട്ട് ബുക്കുകൾക്ക് 30 രൂപയാണ് വില. ഇരട്ടവര ബുക്ക് - 29 രൂപ, എ ഫോർ ബുക്ക് -66 രൂപ, എ ഫോർ പേപ്പർ ഒരു ബണ്ടിൽ -298, കുട - 395 രൂപ മുതൽ എന്നിങ്ങനെയാണ് വില. പേന, പെൻസിൽ, സ്‌കെയിൽ, ബോക്‌സ് തുടങ്ങി എല്ലാ ഉത്പന്നങ്ങളും ലഭിക്കും. സ്റ്റീൽ വാട്ടർ ബോട്ടിൽ,നോട്ട്ബുക്ക്, ബാഗ്, കുട, ബോക്‌സ് തുടങ്ങിയവ കിറ്റുകളായും വാങ്ങാം. ഓഫീസ് സ്റ്റേഷനറി സാധനങ്ങൾക്കും വിലക്കുറവുണ്ട്.  

രക്ഷകർത്താക്കളെ സംബന്ധിച്ച് സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ചെലവുകൾ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കും. ഈ സാഹചര്യത്തിലാണ് സർക്കാർ സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ സാമഗ്രികൾ കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡ് മൊബൈൽ ത്രിവേണിയിലുള്ള 2023 സ്റ്റുഡൻസ് മാർക്കറ്റിന്റെ ആദ്യ വില്പന കൺസ്യൂമർഫെഡ് കോട്ടയം റീജയണലിന്റെ അസിസ്റ്റൻറ് റീജിയണൽ മാനേജർ വിജീഷ് കുമാർ നടത്തി.