ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ ട്രാവൽ ഏജന്റിന്റെ ചതിയിൽ തായ്‌ലാൻഡിൽ കുടുങ്ങിയ 16 അംഗ സംഘം മന്ത്രി വി എൻ വാസവന്റെ ഇടപെടലിൽ സുരക്ഷിതരായി നാട്ടിലെത്തി. കഴിഞ്ഞ 20 നാണു തിരുവനന്തപുരം, എറണാകുളം, മലപ്പുറം, ജില്ലയിൽ നിന്നുള്ള 16 അംഗ സംഘം കൊച്ചിയിൽ നിന്നും തായ്‌ലൻഡ് സന്ദർശനത്തിനായി പുറപ്പെട്ടത്. ഏറ്റുമാനൂരിലെ ട്രാവൽ കെയർ ഏജൻസി ഉടമ അഖിൽ ആണ് ഇവരുടെ യാത്രയ്ക്കാവശ്യമായ ഒരുക്കങ്ങൾ നടത്തിയത്.
പതിനാല് മുതിർന്നവരും രണ്ട് കുട്ടികളുമാണ് വിനോദയാത്ര സംഘത്തിൽ ഉണ്ടായിരുന്നത്. തായ്ലാൻഡിലെത്തിയ സംഘത്തിൻ്റെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള യാത്രാവിവരങ്ങളെപ്പറ്റിയുള്ള അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന വിവരം യാത്രാ സംഘം തിരിച്ചറിഞ്ഞത്. അഖിൽ കരാർ നൽകിയ പട്ടായയിലെ ടുറാസ്റ്റിക്കിന്റെ പ്രതിനിധി കാർലുവായിരുന്നു സംഘത്തിന്റെ തായ്‌ലാൻഡിലെ ട്രാവൽ ഏജന്റ്. രണ്ടാം ദിവസം ഏജൻസി പ്രതിനിധി കാർലു ഇവർ താമസിച്ചിരുന്ന പട്ടായയിലെ ഗോൾഡൻ സീ ഹോട്ടലിലെത്തി സംഘത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അഖിൽ പണം നല്കാനുണ്ടെന്നും തുടർന്നുള്ള യാത്രയ്ക്ക് പണം സംഘം മുടക്കണമെന്നും ഏജൻസി പ്രതിനിധി പറഞ്ഞു. ഇയാൾ വിനോദയാത്രാ സംഘത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. പാസ്‌പോർട്ട് പിടിച്ചുവെയ്ക്കുമെന്നും മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് റദ്ദു ചെയ്യുമെന്നും പട്ടായ പോലീസിൽ പരാതി നൽകി കുടുക്കും എന്നൊക്കെയായിരുന്നു ഏജന്റ് ഭീഷണിപെടുത്തിയത്. തുടർന്ന് തങ്ങൾ ചതിയിൽപ്പെട്ടെന്നു മനസിലായതോടെ സംഘത്തിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകൻ മന്ത്രി വി.എൻ. വാസവനെ ഫോണിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് വിവരങ്ങൾ സംഘം മന്ത്രിയെ അറിയിക്കുന്നത്.
തുടർന്ന് മന്ത്രി തന്റെ സുഹൃത്തും തായ്‌ലാൻഡിൽ ബിസിനസുകാരനുമായ അജയൻ വർഗീസിനെ ബന്ധപ്പെടുകയായിരുന്നു. അജയനോടൊപ്പം നടത്തിയ അടിയന്തിര ഇടപെടൽ അധികം വൈകാതെ ഫലം കണ്ടതോടെ സംഘം സുരക്ഷിതമായി വെള്ളിയാഴ്ച പുലർച്ചെ നാട്ടിലെത്തി. വിഷയത്തിൽ അജയൻ നടത്തിയ ഇടപെടൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നതാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ തട്ടിപ്പ് നടത്തിയ ഏറ്റുമാനൂരിലെ ട്രാവൽ കെയർ ഏജൻസി ഉടമ അഖിൽ ഒളിവിലാണ്.
മുൻപ് വർഷങ്ങളോളം പട്ടായയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ഏറ്റുമാനൂരിലെ ട്രാവൽ കെയർ ഉടമ അഖിൽ. കോവിഡ് സമയത്ത് തിരികെ നാട്ടിലെത്തിയ അഖിൽ ഏറ്റുമാനൂരിൽ ട്രാവൽ ഏജൻസി ആരംഭിക്കുകയായിരുന്നു. അഖിലിന്റെ തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.