25 വർഷമായി തരിശു കിടന്ന 350 ഏക്കറോളം സ്ഥലത്ത് കൃഷി ആരംഭിച്ചത് 5 വർഷം മുൻപ്, മണർകാട് വി.എം.കെ.പാടശേഖരത്ത് ഈ വർഷവും നെല്ല് വിളഞ്ഞു.


കോട്ടയം: മണർകാട് വി.എം.കെ.പാടശേഖരത്ത് ഈ വർഷവും നെല്ല് വിളഞ്ഞു. കാലാവസ്ഥാ വ്യതിയാന പ്രശ്നം, ജല ദാരിദ്യം, നെൽകൃഷി വരാതിരിക്കാൻ കച്ചകെട്ടി ഒരു കൂട്ടം ആളുകൾ... ഇത്തരം പ്രതിസന്ധികൾക്കെതിരെ കടുത്ത പരിശ്രമങ്ങൾക്കൊടുവിലാണ് കൃഷി സാധ്യമായത് എന്ന് മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു പറഞ്ഞു. 

കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ബിന്ദു ഉത്ഘാടനം ചെയ്തു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.കെ.അനിൽകുമാർ ആമുഖപ്രസംഗം നിർവഹിച്ചു. 25 വർഷമായി തരിശു കിടന്ന 350 ഏക്കറോളം സ്ഥലത്ത് ഭഗീരഥപ്രയത്നം ചെയ്ത് 5 വർഷം മുൻപാണ് കൃഷി ചെയ്തു തുടങ്ങിയത്. മീനച്ചിലാർ -മീനന്തറയാർ - കൊ ടൂരാർ നദീ പുനർ സംയോജന ജനകീയ കൂട്ടായ്മ നേതൃത്വം കൊടുത്താണ് ഇവിടെ കൃഷി ആരംഭിച്ചത്. 

ജനകീയ കൂട്ടായ്മ കോട്ടയം ജില്ലയിൽ ആറുകളും കൈത്തോടുകളും ഉൾപ്പെടെ വൃത്തിയാക്കി ജലം ഒഴുകാനവസരം ഒരുക്കിയത്  3000 കിലോമീറ്റർ ദൂരമാണ്. കൂടാതെ 4500 ഏക്കറോളം തരിശുനിലത്ത് നെൽകൃഷി പുനരാരംഭിച്ചു. മലരിക്കൽ ഉൾപ്പെടെ നാലു് ജനകീയ ടൂറിസം കേന്ദ്രങ്ങളും രൂപപ്പെട്ടു. പ്രളയ രഹിത കോട്ടയം എന്ന ലക്ഷ്യം മുൻനിറുത്തി പുഴകളിലെ ചെളിയും കയ്യേറിയ ഇടങ്ങളും ഒഴിപ്പിച്ച് ജലപാത സുഗമമാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ നടന്നുവരുന്നു. 

ജില്ലയിൽ വിവിധ ഇടങ്ങളിലാണ് ഇപ്പോൾ കൊയ്ത്തു നടന്നു വരുന്നത്. അഡ്വ.കെ.അനിൽകുമാറാണ് ജനകീയ കൂട്ടായ്മയുടെ കോർഡിനേറ്റർ. മണർകാട് പാടശേഖരങ്ങളിലെ കൊയ്ത്തുത്സവ ചടങ്ങിൽ  ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡപ്യൂട്ടി കളക്ടർ സോളി ആൻറണി, കൃഷി ഓഫീസർമാരായ ഗൗരി എ. ആർ., അനുമോൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു ,പ്രേമാ ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോമോൾ ജിനേഷ്, മറിയാമ്മ തോമസ് എന്നിവർ പങ്കെടുത്തു. കെ.എ. എബ്രഹാമും ഒ.എ.ഏബ്രഹാമുമാണ് പാടശേഖര കമ്മറ്റിയ്ക്ക് നേതൃത്വം കൊടുത്തത്. 

കൃഷി, ഇറിഗേഷൻ തുടങ്ങിയ വിവിധ സർക്കാർ ഡിപ്പാർട്ട്മെൻറുകളുടെയും ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളുടെയും ക്രിയാത്മകമായ സഹകരണമാണ് കടുത്ത പ്രതിസന്ധികൾക്കിടയിൽ കൃഷി സാധ്യമാക്കി തീർത്തത്.