മണിമല വാഹനാപകടം: മകനോടിച്ച വാഹനമിടിച്ച് മരിച്ച സഹോദരങ്ങളുടെ വീട്ടിലെത്തി ജോസ് കെ മാണി, കുടുംബത്തിന് എല്ലാ സഹായവും ചെയ്യാമെന്ന് വാ​ഗ്ദാനം.


മണിമല: മണിമലയിൽ വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളുടെ വീട്ടിലെത്തി ജോസ് കെ മാണി എം പി. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മണിമല കറിക്കാട്ടൂർ പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ ജിസ്,ജിൻസ് എന്നിവരുടെ വീട് സന്ദർശിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു പുനലൂർ-മൂവാറ്റുപുഴ പാതയിൽ കറിക്കാട്ടൂർ-മണിമല റോഡിൽ ബി എസ് എൻ എൽ ഓഫീസിനു സമീപം ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയർ ഓടിച്ചിരുന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളായ രണ്ടു യുവാക്കൾ മരിച്ചത്. 

മണിമല പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ ജിസ്,ജിൻസ് എന്നിവരാണ് ശനിയാഴ്ച വൈകിട്ട് മണിമലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മണിമലയിൽ നിന്നും കരിക്കാട്ടൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കറിക്കാട്ടൂർ ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. മണിമല ഭാഗത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് ബ്രെക്ക് പിടിക്കുകയും നിയന്ത്രണം വിട്ടകാർ റോഡിൽ മൂന്ന് തവണ കറങ്ങി ഇടിച്ചാണ് നിന്നതെന്നും നാട്ടുകാർ പറയുന്നു. കാർ റോഡിൽ വട്ടം കറങ്ങുന്നതിനിടെയാണ് സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ എത്തുന്നതും കാർ സ്‌കൂട്ടറിന്റെ ഇടിച്ചു തെറുപ്പിക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 

അപകടത്തിൽ മരിച്ച സഹോദരങ്ങളുടെ വീട്ടിലെത്തിയ ജോസ് കെ മാണി കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. കുടുംബാംഗങ്ങൾക്കൊപ്പം അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് ജോസ് കെ മാണി മടങ്ങിയത്. മരിച്ച സഹോദരങ്ങൾ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സഹോദരങ്ങളെ ഉടൻ തന്നെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളിൽ ഒരാൾ ശനിയാഴ്ച രാത്രിയും ഒരാൾ ഞായറാഴ്ച രാവിലെയുമാണ് മരണപ്പെട്ടത്. കടയിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങളുമായി പോകുന്നതിനിടെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ഇരുവരെയും മരണം കവർന്നെടുത്തത്. 

മകനോടിച്ച വാഹനമിടിച്ച് വലിയൊരു അപകടമുണ്ടാകുകയും സഹോദരങ്ങളായ രണ്ടു പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടും അപകടം നടന്നു അഞ്ചു ദിവസം പിന്നിട്ടിട്ടും ജോസ് കെ മാണി സഹോദരങ്ങളുടെ വീട്ടിൽ എത്തുകയോ കുടുംബാംഗങ്ങളെ കാണുകയോ ചെയ്യാഞ്ഞത് വലിയ ചർച്ച ആയിരുന്നു. യുവാക്കൾ മരിച്ച അപകടത്തിൽ അപകടകരമായ വിധത്തിൽ കാർ ഓടിച്ച ജോസ് കെ മാണി എം പിയുടെ മകൻ കെ എം മാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ആദ്യം 45 വയസ്സ് പ്രായമുള്ള ഒരാൾ ഓടിച്ച കാർ ആണ് അപകടത്തിനു ഇടയാക്കിയത് എന്നാണ് പോലീസ് എഫ് ഐ ആർ തയാറാക്കിയത്. 

എന്നാൽ ദൃക്സാക്ഷികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് കാർ ഓടിച്ചിരുന്ന ജോസ് കെ മാണിയുടെ മകന്റെ പേര് ചേർക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് ജോസ് കെ മാണിയുടെ മകൻ കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്.