41 ദിവസമായും ശമ്പളം ലഭിച്ചില്ല! പണി മുടക്കിയില്ല, പണിയെടുത്തു തന്നെ പ്രതിഷേധിച്ച വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിലെ വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി.


വൈക്കം: 41 ദിവസമായിട്ടും ശമ്പളം ലഭിക്കാഞ്ഞതിനെ തുടർന്ന് യൂണിഫോമിൽ ശമ്പള രഹിത സേവനം നാൽപ്പത്തി ഒന്നാം ദിവസം എന്നെഴുതിയ ബാഡ്ജ് ധരിച്ചു ജോലി ചെയ്തു പ്രതിഷേധിച്ച വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിലെ വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി കെ എസ് ആർ ടി സി ഉത്തരവ്.

 

 വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില എസ്.നായരെയാണ് പാലായിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് അഖിലയ്ക്ക് കെ എസ് ആർ ടി സി സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. ജനുവരി 11 നായിരുന്നു സംഭവം. 41 ദിവസമായിട്ടും ശമ്പളം ലഭിക്കാതിരുന്നതോടെ യൂണിഫോമിൽ ശമ്പള രഹിത സേവനം നാൽപ്പത്തി ഒന്നാം ദിവസം എന്നെഴുതി ജോലി ചെയ്തു പ്രതിഷേദിക്കുകയായിരുന്നു അഖില. 

ശമ്പളം ലഭിക്കാതിരുന്നതോടെ പണിമുടക്കിയല്ല മറിച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിനോ യാത്രക്കാർക്കോ യാതൊരുവിധ ബുദ്ധിമുട്ടും വരാത്ത വിധം പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് അഖില ജോലി ചെയ്തത്. ഇത്തരത്തിൽ ബാഡ്ജ് ധരിച്ചതും പ്രതിഷേധിച്ചതും സർക്കാരിനും കോർപ്പറേഷനും അപകീർത്തിയായി എന്നാണു കെ എസ് ആർ ടി സി നിലപാട്. വൈക്കത്തു നിന്നും കളക്ട്രേറ്റിലേക്കുള്ള സർവ്വീസിലെ കണ്ടക്ടറായിരുന്നു അഖില. 

അച്ചടക്ക ലംഘനം ആരോപിച്ചാണ് അഖിലയെ കെ എസ് ആർ ടി സി വൈക്കത്തു നിന്നും പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.