കുരുത്തോല തിരുനാൾ ഇന്ന്; വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്കായി ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങൾ ഒരുങ്ങി.


കോട്ടയം: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് കുരുത്തോലത്തിരുനാൾ ആചരിക്കുന്നു. ഞായറാഴ്ച രാവിലെ പള്ളികളിൽ തിരുനാൾ ചടങ്ങ് ആരംഭിക്കും. കഴുതപ്പുറത്തേറി യേശു ജറുസലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയപ്പോൾ വിശ്വാസികൾ ഒലീവ് ഇല വീശി വരവേറ്റതിന്റെ ഒർമയാണ് കുരുത്തോല തിരുനാൾ.

 

 ജില്ലയിലെ നൂറിലധികം ദേവാലയങ്ങളിൽ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ പുതുക്കലായ വ്യാഴാഴ്ച വിശ്വാസികൾ പെസഹ ആചരിക്കും. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും അപ്പം മുറിക്കലുമാണ് പ്രധാന ശുശ്രൂഷകൾ. വിനയത്തിന്റെ മാതൃക കാട്ടി യേശു തന്റെ ശിഷ്യരുടെ കാൽകഴുകി ചുംബിച്ചതിനെ അനുസ്മരിക്കുന്നതാണ് ചടങ്ങ്. 

ദുഃഖവെള്ളി ദിവസം രാവിലെ പീഡാനുഭവ സ്മരണ പുതുക്കലും വൈകിട്ട് നഗരികാണിക്കൽ പ്രദിക്ഷിണവും, കുരിശിന്റെ വഴിയും നടക്കും. അമ്പത് നോമ്പിന് സമാപനം കുറിച്ചുള്ള ഈസ്റ്റർ ഞായറാഴ്ചയാണ്. കുരുത്തോലത്തിരുനാൾ ആചരണത്തിന്റെ ഭാഗമായുള്ള ഓലകൾ ശനിയാഴ്ച വൈകിട്ട് തന്നെ ദേവാലയങ്ങളിൽ എത്തിച്ചു ഒരുക്കി കഴിഞ്ഞു.