ഹരിത വഴിയിൽ ഹരിത കേരളം! കോട്ടയം ജില്ലയിൽ 1896 ഹരിതകർമ്മസേനാംഗങ്ങൾ,155 പച്ചത്തുരുത്തുകൾ.


കോട്ടയം: മാലിന്യസംസ്‌കരണം, മണ്ണ്- ജലസംരക്ഷണം, ജൈവകൃഷി എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഹരിതകേരളം മിഷൻ പ്രവർത്തനമികവ് തുടരുകയാണ്. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി 1896 ഹരിത കർമ്മ സേനാംഗങ്ങളാണുള്ളത്. ഇവരുടെ പ്രവർത്തനഫലമായി പ്രതിമാസം അൻപതു ടണ്ണോളം തരം തിരിച്ച മാലിന്യങ്ങളും 70 ടണ്ണോളം തരംതിരിക്കാത്ത മാലിന്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടിട്ടുള്ള ക്ലീൻ കേരള കമ്പനിക്കും  മറ്റു അംഗീകൃത ഏജൻസികൾക്കും കൈമാറുന്നുണ്ട്. 

 

 അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനതലത്തിൽ 88  മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളും 1277 മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളും 11 റിസോഴ്സ് റിക്കവറി ഫെസിലിറ്റികളും സ്ഥാപിച്ചിട്ടുണ്ട്. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള ഗാർഹിക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും കമ്മ്യൂണിറ്റി തരത്തിൽ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന സ്ഥാപിച്ചു വരുന്നു. പനച്ചിക്കാട് നവരാത്രി ഉത്സവം, വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം, വാഴൂർ ജലോത്സവം, സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം, ജില്ലാ കേരളോത്സവം തുടങ്ങി വിവിധ പരിപാടികൾ  ജില്ലയിൽ ഹരിതചട്ടം പാലിച്ചു നടപ്പാക്കാനായതും ഹരിതകേരളം മിഷന്റെ നേട്ടങ്ങളാണ്. 

കേരള ഹരിത കേരള മിഷന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ 155 പച്ചത്തുരുത്തുകൾ  ജില്ലയിൽ സംരക്ഷിച്ച് വരുന്നുണ്ട്. റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ സഹായത്തോടെ ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൺസിന്റെ നേതൃത്വത്തിൽ പശ്ചിമഘട്ട മേഖലയിലെ നീർച്ചാലുകളുടെയും ജലസ്രോതസ്സുകളുടെയും സംരക്ഷണത്തിനായി നീർച്ചാലുകളുടെ മാപ്പിങ് പ്രവർത്തനം ജില്ലയിൽ പുരോഗമിക്കുകയാണ്.  സംസ്ഥാനത്ത് ആദ്യമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും മാപ്പത്തോൺ പ്രവർത്തനം പൂർത്തിയാക്കി. ഡിജിറ്റൽ മാപ്പ്  പഞ്ചായത്തുകൾക്ക് കൈമാറി. 

വാഴൂർ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മീനച്ചിൽ ബ്ലോക്കുകളിലെ 18 പഞ്ചായത്തുകളിലും മാപ്പത്തോൺ പ്രവർത്തനം പൂർത്തിയാക്കി. 12 പഞ്ചായത്തുകളുടെ മാപ്പിങ് ജോലികൾ പുരോഗമിക്കുകയാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലെയും ജല ലഭ്യതയും വിനിയോഗവും വിലയിരുത്തുന്നതിനുള്ള ജലബജറ്റ് തയാറാക്കി വരുന്നു. കാർഷിക രംഗത്ത് നെല്ല് ഉൽപാദന വർധനവിനായി അയ്യായിരത്തിലധികം ഏക്കർ  തരിശുഭൂമി കൃഷി യോഗ്യമാക്കി. 

വെച്ചൂർ, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ  മൂന്ന് ഹരിത സമൃദ്ധി വാർഡുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.  ഹരിത സേവാ കേന്ദ്രങ്ങൾ വഴി ജൈവവളത്തിന്റെയും  പ്ലാസ്റ്റിക് ബദൽ  ഉത്പന്നങ്ങളുടെയും നിർമ്മാണത്തിലൂടെയും അധിക വരുമാനം കണ്ടെത്താനുമാകുന്നുണ്ട്.