ചെറിയ പോറലുകൾ പറ്റിയ കാറുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ... എല്ലാം ആദായ വിലയ്ക്ക്... ഓൺലൈൻ തട്ടിപ്പാണ്,സൂക്ഷിക്കണേ! മുന്നറിയിപ്പുമായി കേരളാ പോലീസ്.


തിരുവനന്തപുരം: ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽ സി ഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ഓൺലൈൻ തട്ടിപ്പാണ് എന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരളാ പോലീസ്. 

ഒരു ഇടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാൻസ്‌ അല്ലെങ്കിൽ ക്ലബ് എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ. ഓൺലൈൻ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ. ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. 

ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തിൽ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി  പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി ഫിഷിങ് ലിങ്കുകളും അയച്ചുകൊടുക്കുന്നു. വിശ്വാസം നേടിയെടുക്കന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജ ഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി അൻപത്‌ വർഷംപോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത. 

സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ചും ഫേസ്‌ബുക്കിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പരസ്യങ്ങൾ മാത്രമാണ് കൂടുതലായി കാണാൻ കഴിയുന്നത്. എൽ ജി ഫാൻസ്‌, സാംസങ് ഫാൻസ്‌, ബോഷ് ഫാൻസ്‌, എൽ ജി ഫാൻസ്‌ കേരളം, ബൈക്കോ ഫാൻസ്‌ എന്നീ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇത്തരത്തിൽ പരസ്യങ്ങൾ പ്രചരിക്കുന്നത്. ചില പോസ്റ്റുകളിൽ ടിവികൾക്ക് പകരം റഫ്രിജറേറ്ററുകളും വാഷിങ് മെഷീനുകളും ആണ് ഓഫർ ചെയ്യുന്നത്. ടൊയോട്ട ഹിലക്‌സ് കേരളം, ടൊയോട്ട ഹിലക്‌സ്, ക്ലബ് എന്നീ പേജുകളിൽ ടയോട്ട കാറുകൾ തന്നെയാണ് ഓഫർ ചെയ്യുന്നത്. 

ഇത്തരത്തിൽ നടക്കുന്ന തട്ടിപ്പിൽ അകപ്പെടാതെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ കേരളാ പോലീസ് നൽകുന്നത്.