വിവ കേരളം പദ്ധതി: കോട്ടയം ജില്ലയിൽ വേഗത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.

കോട്ടയം: അനീമിയ പ്രതിരോധ-നിയന്ത്രണ പരിപാടി ലക്ഷ്യമിട്ടുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിവ കേരളം പദ്ധതി ജില്ലയിൽ വേഗത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന അനിൽ ഉമ്മന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

 

 പതിനഞ്ചിനും 59 വയസിനും ഇടയിലുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണു വിവ(വിളർച്ചയിൽ നിന്നുവളർച്ചയിലേക്ക്) കേരളം പദ്ധതി ലക്ഷ്യമിടുന്നത്. ഈ പ്രായപരിധിയിലുള്ള അഞ്ചുലക്ഷം സ്ത്രീകൾ കോട്ടയം ജില്ലയിലുണ്ടെന്നാണ് കണക്ക്. ഇവർക്ക് ആറുമാസത്തിനുള്ളിൽ രക്തപരിശോധന നടത്തി ലക്ഷ്യം കൈവരിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിനായി കുടുംബശ്രീ, കൊളീജിയറ്റ് എഡ്യൂക്കേഷൻ,  സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കും. 

വീടിനു പുറത്തു തൊഴിലെടുക്കുന്ന സ്ത്രീകൾ, കൗമാരക്കാരായ പെൺകുട്ടികൾ, അധ്യാപികമാർ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ പരിശോധന മാർച്ച് 15നകം പൂർത്തിയാക്കണമെന്നാണ് നിർദേശം. സിവിൽ സ്‌റ്റേഷൻ, മിനി സിവിൽ സ്‌റ്റേഷൻ, സർവകലാശാല, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പരിശോധന മാർച്ച് 31നകം പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, ഡോ. സി. ജയശ്രീ(ഡി.എം.ഒ /ഐ.എസ്.എം.), കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, ആർ.എം.ഒ., ഡോ. ഉമാദേവി, ഡോ. സി.ജെ.സിതാര, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.