സമം പദ്ധതി: സ്ത്രീ സൗഹൃദ ജില്ലയായി കോട്ടയത്തെ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.


കോട്ടയം: സ്ത്രീ സമത്വത്തിനായി സാംസ്കാരിക വകുപ്പു നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായ സമം സാംസ്‌കാരികോത്സവത്തിന് തുടക്കം. സ്ത്രീ സൗഹൃദ ജില്ലയായി കോട്ടയത്തെ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഇത്തവണത്തെ ബജറ്റ് സ്ത്രീ സൗഹൃദമാകുമെന്നും സ്ത്രീസമത്വത്തിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പു നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായ സംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം  കോട്ടയം സി.എം.എസ്. കോളജിൽ നിർവഹിച്ചു  സംസാരിക്കവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

 ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹൈമി ബോബി, പി.ആർ. അനുപമ, സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ,  സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ: വി.വി. മാത്യു, വനിതാസാഹിതി സെക്രട്ടറി ജലജാമണി, എസ്. സാജുമോൻ എന്നിവർ പ്രസംഗിച്ചു. 

വൈകിട്ട്  അഡ്വ. അംബരീഷ് അവതരിപ്പിച്ച കാവ്യസംഗീതിക , തൃശൂർ ജനനയന അവതരിപ്പിച്ച ഫോക്ക് ഈവ് 2023 എന്നിവ അരങ്ങേറി. കോട്ടയം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയും സംയുക്തമായാണ്   സമം  സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. സാംസ്കാരികോത്സവത്തിന്റെ ഭാഗമായ പുസ്തകോത്സവത്തിന്റെയും സെമിനാർ സെഷനുകളുടേയും ഉദ്ഘാടനം സി.എം.എസ്. കോളജ് ബർസാർ ഫാ. ചെറിയാൻ തോമസും സെമിനാർ സെഷന്റെ ഉദ്ഘാടനം സമം സംസ്ഥാന പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ ഡോ. സുജ സൂസൻ ജോർജും നിർവഹിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായിരുന്നു. സി.എം.എസ്. കോളജ് പ്രിൻസിപ്പൽ വർഗീസ് പി. ജോഷ്വാ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി ഡയറക്ടർ പ്രഫ. എ.ജി. ഒലീന മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, പി. പ്രദീപ്, പി. സുവർണ എന്നിവർ പ്രസംഗിച്ചു. 

ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് സ്ത്രീപക്ഷ നിയമങ്ങൾ സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഡ്വ. പി.എം. ആതിര, അഡ്വ. സ്മിത കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഡോ. എ.കെ. അർച്ചന മോഡറേറ്ററായി.