പോസ്റ്റുമോർട്ടത്തിന് കൈക്കൂലി വാങ്ങുന്നതിന്നിടയിൽ കോട്ടയത്ത് മൃഗഡോക്ടർ വിജിലൻസ് പിടിയിൽ.


കോട്ടയം: പോസ്റ്റുമോർട്ടത്തിന് കൈക്കൂലി വാങ്ങുന്നതിന്നിടയിൽ കോട്ടയത്ത് മൃഗഡോക്ടർ വിജിലൻസ് പിടിയിൽ. സ്വകാര്യ ഫാമിൽ വളർത്തിയിരുന്ന എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്തതിന് ഫാം ഉടമയിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ കോട്ടയം പനച്ചിക്കാട് ഗവ. മൃഗാശുപത്രിയിലെ ഡോ. ജിഷ.കെ ജെയിംസിനെ ആണ് വിജിലൻസ് ഇന്നലെ പിടികൂടിയത്.

 

 വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ളതും പനച്ചിക്കാട് കുഴിമറ്റത്തുള്ള വീടിനോട് ചേർന്നുള്ളതുമായ ഫാമിൽ വളർത്തുന്ന മൃഗങ്ങളെ പരിശോധിച്ച് പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നതിനായി പനച്ചിക്കാട് ഗവ. ആശുപത്രിയിലെ ഡോക്ടറായ ജിഷ.കെ ജെയിംസ് കൺസൾട്ടേഷൻ ഫീസ് എന്ന വ്യാജേന ഓരോ പ്രാവശ്യവും 500 രൂപ വീതം  പരാതിക്കാരന്റെ പക്കൽ നിന്നും കൈപ്പറ്റിയിരുന്നു. തുടർന്ന് 2023 ജനുവരിയിൽ അസുഖം ബാധിച്ച പശുവിനെ ഫാമിലെത്തി പരിശോധിച്ച് ചികിത്സ നടത്തിയ സമയം കൺസൾട്ടേഷൻ ഫീസ് ഇനത്തിൽ എന്ന വ്യാജേന 1000 രൂപ പരാതിക്കാരനിൽ നിന്നും ഡോക്ടർ ചോദിച്ച് വാങ്ങിയിരുന്നു. ഇതിൽ സംശയം തോന്നിയ പരാതിക്കാരൻ അന്വേഷിച്ചതിൽ വളർത്തുമൃഗങ്ങൾക്കും സർക്കാർ മുഗാശുപത്രികളിലെ സേവനം സൌജന്യമാണെന്ന് മനസ്സിലാക്കുകയായിരുന്നു. 

കഴിഞ്ഞമാസം അവസാനത്തോടെ പരാതിക്കാരന്റെ ഫാമിൽ വളർത്തിയിരുന്ന എരുമക്കുട്ടി ചത്തുപോയതിനെ തുടർന്ന് മരണ കാരണം അറിയുന്നതിന് എരുമക്കുട്ടിയെ പോസ്റ്റു മോർട്ടം ചെയ്യുന്നതിന് ഡോക്ടറുടെ സേവനം കിട്ടുന്നതിനായി ഡോ. ജിഷ.കെ ജെയിംസിന്റെ ഫോണിലേയ്ക്ക് വിളിക്കുകയും അന്നേ ദിവസം തന്നെ ഡോക്ടർ ഫാമിലെത്തി എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്യുകയും കൈക്കൂലിയായി 1000 രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആ സമയം കൈയ്യിൽ ഒറ്റ പൈസ പോലുമില്ലെന്നും അടുത്ത ദിവസം കൊണ്ട് തരാമെന്നും പരാതിക്കാരൻ അറിയിക്കുകയും ഡോക്ടർ സമ്മതിക്കുകയും ചെയ്തു. 

തുടർന്ന്  പരാതിക്കാരൻ ഈ വിവരത്തിന് അന്നേ ദിവസം തന്നെ വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിന് പരാതി സമർപ്പിക്കുകയും പോലീസ് സൂപ്രണ്ട് തുടർ നടപടികൾക്കായി നടപടികൾക്കായി വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് രവികുമാറിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ വിജിലൻസ് സംഘം നിരീക്ഷിച്ച് വരവേ ഇന്നലെ രാവിലെ 11.30 മണിയോടെ പനച്ചിക്കാട് ഗവ.ആശുപത്രിയിൽ വച്ച് പരാതിക്കാരനിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ ഡോ.ജിഷ.കെ.ജെയിംസിനെ വിജിലൻസ് കൈയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

അറസ്റ്റ് ചെയ്ത പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി രവികുമാറിനെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാരായ മഹേഷ് പിള്ള, ഐ.വി.വി പ്രദീപ്, പോലീസ് സബ് ഇൻസ്പെക്ടർമാരായ ബിജു, പ്രദീപ്, സ്റ്റാൻലി തോമസ്, സുരേഷ്, ജെയ്സൺ, അനിൽകുമാർ, ഗോപകുമാർ, ജയ് മോൻ, പോലീസ് ഉദ്ദ്യോഗസ്ഥരായ അനിൽകുമാർ, ബിജുമോൻ, സുരേഷ്, സൂരജ്, രഞ്ജിനി, അരുൺബാബു, ബിന്ദു, ജാൻസി, അശ്വതി എന്നിവരും ഉണ്ടായിരുന്നു. 

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ മനോജ് എബ്രഹാം അറിയിച്ചു.