ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും: വി എൻ വാസവൻ.


കോട്ടയം: ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ജനങ്ങൾക്ക് നൽകികൊണ്ടിരുന്ന സബ്‌സിഡികൾ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് വൻകിടക്കാർക്ക് വേണ്ടിയുള്ള വില വർദ്ധനവാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്.

വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടിയത് സാധാരണ ജനങ്ങളെ വലയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.  വില വർധന താങ്ങാനാകാതെ  പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കൂടുതൽ ആളുകൾ പുറത്താകുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില  വില വർധിപ്പിച്ചത് ഹോട്ടൽ ബേക്കറി വ്യവസായ മേഖലയ്ക്ക് തിരിച്ചടി ആകും. ഇത് വില വർദ്ധനവിനും ഇടയാക്കും.

ഭീമമായ വിലവർദ്ധന പിൻവിലിക്കാൻ കേന്ദ്രസർക്കാർ തയാറാവണം എന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് അർഹതപ്പെട്ട നികുതി വിഹിതങ്ങൾ അനുവദിക്കാതെ ഒരോ ന്യായങ്ങൾ കണ്ടത്തി സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചപ്പോൾ ക്ഷേമപെൻഷൻ നൽകാൻ രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതിനെ വിമർശിച്ചവർ ആരും ഇതുവരെ കേന്ദ്രസർക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയർത്തിക്കണ്ടില്ല എന്നും മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളിലെ ഈ ഇരട്ടത്താപ്പും ജനം തിരിച്ചറിയുന്നുണ്ട് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.