ലോകത്തെ വരവേൽക്കാനൊരുങ്ങി കോട്ടയം! കുമരകം ആതിഥ്യമരുളുന്ന ജി 20 ഷെർപ്പ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു, ലോകത്തിനു മുൻപിൽ തിളങ്ങാനൊരുങ്ങി കുമ


കോട്ടയം: ലോകം നമ്മുടെ കൊച്ചു കോട്ടയത്തേക്ക് എത്തുന്നു! കുമരകം ആതിഥ്യമരുളുന്ന ജി 20 ഷെർപ്പ സമ്മേളനത്തിൽ ലോകത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് കോട്ടയം. ജി 20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിന് കുമരകം വേദിയാകുമ്പോൾ ടൂറിസംമേഖലയിൽ പുതിയ ഇടം ഉറപ്പിക്കുകയാണ് കുമരകം. ഇന്ത്യ, ചൈന, യുഎസ്, റഷ്യ, ജപ്പാൻ യൂറോപ്യൻയൂണിയൻ,  എന്നിവിടങ്ങളിൽ നിന്നുമായി നാനൂറോളം പ്രതിനിധികളാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുന്ന സമ്മേളനത്തിനായി എത്തിച്ചേരുന്നത്.

   

 കുമരകത്തിന് പുതിയൊരു ടൂറിസം സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്. ഉത്തരവാദിത്വ ടൂറിസത്തിലൂടെ ലോകമറിഞ്ഞ കുമരകത്തും അയ്മനത്തുമെല്ലാം ഇതുവരെ നാടിന്റെ സൗന്ദര്യം കാണാനുള്ളവർ മാത്രമാണ് എത്തിയിരുന്നെങ്കിൽ ഇനി അത് മാറുകയാണ്. അന്താരാഷ്ട്ര സമ്മേളനങ്ങൾ, ബിസിനസ് മീറ്റുകൾ, മീറ്റിങ്-ഇൻസന്റീവ്-കോൺഫറൻസ് എന്നറിയപ്പെടുന്ന 'മൈസ്' (MICE)  കൂടിക്കാഴ്ചകൾക്കുള്ള ഇടമായി കുമരകവും അയ്മനവുമെല്ലാം ലോക ടൂറിസം മാപ്പിൽ രേഖപ്പെടുത്തപ്പെടും. മീറ്റിങ് ഇൻഡസ്ട്രി എന്ന ആശയത്തെ ഇനിയും  വിപുലീകരിക്കേണ്ടതുണ്ട്. അതിലേക്കുള്ള ചുവടുവയ്പ്പായി ഈ സമ്മേളനം മാറും. 

ഭാവിയിൽ ഈ മേഖലയുടെ വലിയ ഗുണഭോക്താവായി മാറാൻ കുമരകത്തിന് കഴിയും. കെടിഡിസിയുടെ വാട്ടർ സ്‌കേപ്പ്‌സ് റിസോർട്ടിലാണ് സമ്മേളനം. ഇതിനായി  പത്തുകോടി രൂപ മുടക്കി നിർമിക്കുന്ന ശീതീകരിച്ച കൺവൻഷൻ സെന്ററിന്റെ നിർമാണം പൂർത്തിയായി വരുന്നു . ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഒപ്പറേറ്റീവ് സൊസൈറ്റിയാണ് ജി 20 യുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 600 പേർക്ക് ഇരിക്കാവുന്ന 10,000 ചതുരശ്ര അടി വിസ്തീർണമുള്ള കൺവൻഷൻ സെന്ററാണ് ഒരുക്കുന്നത്.സമ്മേളനത്തിന് മുന്നോടിയായി റോഡുകളുടെ നവീകരണവും പുരോഗമിക്കുകയാണ്. 

കുമരകത്തു നടക്കുന്ന ജി20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടേയും ഭാഗമായി കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണിയും സമ്മേളന വേദിയായ കെ.ടി.ഡി.സി. വാട്ടർ സ്കേപ്പിലെ ഒരുക്കങ്ങളും കഴിഞ്ഞ ദിവസം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിലയിരുത്തി.കുമരകം ആതിഥ്യമരുളുന്ന ജി20 ഷെർപ്പ സമ്മേളനത്തിനായി 19.19 കോടി രൂപ മുടക്കിയാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള അഞ്ചുറോഡുകൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളിൽ 30.68 കിലോമീറ്ററാണ് മുഖം മിനുക്കി ഉന്നത നിലവാരത്തിലേക്കു മാറിയത്.