വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾ, സ്വാഗതസംഘം ഓഫീസ് തുറന്നു.


വൈക്കം: 603 ദിവസം നീണ്ടു നിൽക്കുന്ന വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങുകളുടെ വിപുലമായ നടത്തിപ്പിന് വേണ്ടി സ്വാഗതസംഘം ഓഫീസ് തുറന്നു.  വൈക്കത്ത സത്യാഗ്രഹ സ്മാരക മന്ദിര അങ്കണത്തിൽ  ഒരുക്കിയ സ്വാഗത സംഘം ഓഫീസിന്റെ പ്രവര്‍ത്തനം  സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം കണ്ട ഏറ്റവും വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന ചടങ്ങായി സത്യഗ്രഹ ശതാബ്ദിയുടെ ഉദ്ഘാടന ചടങ്ങ് മാറ്റിയെടുക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

 

 ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എംപി, വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം, ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ, ആര്‍ഡിഒ. പി.ജി രാജേന്ദ്രബാബു, നഗരസഭാംഗം ബിന്ദു ഷാജി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സിന്ധു സജീവന്‍, നഗരസഭാംഗങ്ങളായ ബി . രാജശേഖരന്‍, എബ്രഹാം പഴയകടവന്‍, അശോകന്‍ വെള്ളവേലി, കവിത രാജേഷ്, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി,തഹസില്‍ദാര്‍ ടി.എൻ വിജയന്‍, സത്യഗ്രഹ മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ് എന്നിവര്‍ പങ്കെടുത്തു. 

ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം  ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് നിർവഹിക്കും. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. 

ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സാംസ്‌കാരിക വകുപ്പ് മന്ത്രി വർക്കിംഗ് ചെയർമാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനു മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായും സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചെയർമാനുമായി സംഘാടക സമിതി രൂപികരിച്ചിട്ടുണ്ട്.