ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമ്മാണം ഒന്നാം ഘട്ടം പൂർത്തീകരിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിൽ റീടാറിങ് നടത്തി വന്നിരുന്നതിന്റെ ഒന്നാംഘട്ടമായ ടാറിങ് പ്രവർത്തികൾ ഇന്ന് പൂർത്തീകരിച്ചതായി പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഇതോടുകൂടി ഇതുവഴിയുള്ള ഗതാഗതം ഏറ്റവും സുഗമമാവുകയും യാതൊരു തടസ്സവും നിയന്ത്രണങ്ങളും ഇല്ലാതെ ഗതാഗതത്തിന്  സജ്ജമായിരിക്കുകയുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട ടൗണിൽ എംഇഎസ് കവല മുതൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ അതിർത്തിയായ വഴിക്കടവ് വരെ 23 കിലോമീറ്റർ ദൂരം ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ് ആണ് പൂർത്തീകരിക്കപ്പെട്ടിട്ടുള്ളത്.

 

 തുടർന്ന് വാഗമൺ ടൗണിലേക്കുള്ള ഒരു കിലോമീറ്റർ ദൂരം പീരുമേട് നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ളതാണ്. പ്രസ്തുത ഭാഗത്ത് റോഡ് ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ തന്നെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ പൂർത്തീകരിച്ചിരുന്നതുമാണ് എന്ന് എംഎൽഎ പറഞ്ഞു. അനുബന്ധ പ്രവർത്തികൾ രണ്ടാംഘട്ടം എന്ന നിലയിൽ ഇന്ന് മുതൽ ആരംഭിക്കും. ടാറിങ് ഭാഗത്തിന് ശേഷമുള്ള സൈഡ് കോൺക്രീറ്റിംഗ്, ഓടകൾ നിർമ്മിക്കലും അറ്റകുറ്റപ്പണികളും, കലുങ്കുകൾ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗയോഗ്യമാക്കൽ, സൈൻ ബോർഡുകൾ സ്ഥാപിക്കൽ, റോഡ് മാർക്കിങ്ങ്, സ്റ്റഡുകൾ സ്ഥാപിക്കൽ, മറ്റ് റോഡ് സുരക്ഷാ ക്രമീകരങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവയാണ് ഇനി അവശേഷിക്കുന്ന പ്രവർത്തികൾ. 

ഇവയെല്ലാം കഴിവതും ഒരേസമയം തന്നെ നടത്തുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് എംഎൽഎ പറഞ്ഞു. റോഡ് കോൺക്രീറ്റിങ്ങിന് തന്നെ ഇരുവശത്തു നിന്നും ഈരണ്ടു ടീമുകൾ എന്ന നിലയിൽ നാല് ഗ്രൂപ്പുകളായി തൊഴിലാളികളെ നിയോഗിച്ച് കോൺക്രീറ്റിംഗ് നടത്തും. കോൺക്രീറ്റിംഗ് പ്രവർത്തികൾ നടത്തുന്ന സമയം ക്യൂറിങ് പിരീഡ് എന്ന നിലയിൽ കുറഞ്ഞത് 7 ദിവസത്തേക്ക് കോൺക്രീറ്റ് ചെയ്യുന്ന ഭാഗത്ത് വാഹനങ്ങൾ പ്രവേശിപ്പിക്കാതിരിക്കാൻ പൊതുജനങ്ങളും വ്യാപാരികളും  പ്രത്യേകം ശ്രദ്ധിക്കണമെന്നും കൂടാതെ റോഡിലേക്ക് വന്നുചേരുന്ന മറ്റ് റോഡുകളും വീടുകളിലേക്കുള്ള റോഡുകളും വാഗമൺ റോഡുമായി കൂടിച്ചേരുന്ന സ്ഥലങ്ങളിൽ വെള്ളമൊഴുക്ക് റോഡിലേക്ക് വരാതെയും റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാതെയും  ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും പൊതുജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.  

ഇക്കാര്യത്തിൽ  ജനപ്രതിനിധികൾ വേണ്ട മാർഗ്ഗനിർദ്ദേശവും നേതൃത്വവും നൽകണമെന്നും എംഎൽഎ പറഞ്ഞു. വരുന്ന ഒരു മാസത്തിനുള്ളിൽ ഈ അനുബന്ധ പ്രവർത്തികൾ എല്ലാം രണ്ടാംഘട്ടം എന്ന നിലയിൽ പൂർത്തീകരിച്ച് റോഡ് പൂർണതോതിൽ ഗതാഗത സജ്ജമാക്കാമെന്ന് കരുതുന്നതായും ഒന്നാംഘട്ട ടാറിങ് സമയബന്ധിതമായും മികച്ച നിലയിലും പൂർത്തീകരിച്ച കരാർ ഏറ്റെടുത്ത ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയും പ്രവർത്തികൾക്ക് നേതൃത്വം നൽകിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും എംഎൽഎ പറഞ്ഞു.