അക്ഷരനഗരിക്ക് ലോകസിനിമയുടെ പകലിരവുകൾ സമ്മാനിച്ചു രാജ്യാന്തര ചലച്ചിത്രമേള, മേളയെ നെഞ്ചേറ്റി കോട്ടയവും.


കോട്ടയം: അക്ഷരനഗരിക്ക് ലോകസിനിമയുടെ പകലിരവുകൾ സമ്മാനിച്ചു  രാജ്യാന്തര ചലച്ചിത്രമേള. ഇതോടെ കോട്ടയം ലോകസിനിമയുടെ ലഹരിയിലേക്ക് എത്തിയിരിക്കുകയാണ്. തലമുറ വ്യത്യാസമില്ലാതെ കോട്ടയത്ത് ഫെസ്റ്റിവൽ ലൈഫ് ആസ്വദിക്കുകയാണ് സിനിമാ ആസ്വാദകർ.

 

 കോട്ടയത്തിന്റെ യുവത്വം രാജ്യാന്തര ചലച്ചിത്രമേള ആഘോഷമാക്കുകയാണ്. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയെ കോട്ടയവും ചലച്ചിത്ര പ്രേമികളും നെഞ്ചേറ്റിയിരിക്കുന്നു. സിനിമയുടെ വിവിധ മേഖലകളിൽ കോട്ടയത്തിന്റെ സംഭാവന നിസ്തുലമാണ്. സിനിമയോടുള്ള പ്രണയമാണ് നിറഞ്ഞ തിയറ്ററുകളിൽ ദൃശ്യമാകുന്നത്. യുവതയുടെ വലിയ ഒഴുക്ക് കാണാം. മേളയ്ക്കൊപ്പം പുനലൂർ രാജന്റെ അപൂർവ ചലച്ചിത്ര ഫോട്ടോകളുടെ പ്രദർശനം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ തമ്പ് സാംസ്കാരിക വേദിയിൽ നടക്കുന്നുണ്ട്.  നടന്മാരുടെയും സാഹിത്യകാരന്മാരുടെയും അപൂർവമായ ചിത്രങ്ങൾ എല്ലാവരും കാണേണ്ടതു തന്നെ. ഇതേ വേദിയിൽ എല്ലാ ദിവസവും വൈകിട്ട് ഏഴിന് നടക്കുന്ന കലാപരിപാടികളും ജനപങ്കാളിത്തത്താൽ സജീവമാണ്. ചലച്ചിത്ര പ്രേമികളുടെയും പ്രവർത്തകരുടെയും കൂട്ടായ്മയുടെ വിജയമാണിത്. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റി, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ്, എഫ്.എഫ്.എഫ്.ഐ., വിവിധ ചലച്ചിത്ര സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള ചൊവ്വാഴ്ച അവസാനിക്കും.