ചലച്ചിത്രമേളയുടെ 'വൈബി'ൽ കോട്ടയം, ആവേശത്തിൽ സിനിമാപ്രേമികൾ.


കോട്ടയം: ചലച്ചിത്ര മേളയുടെ 'വൈബി'ലേക്കിറങ്ങി കോട്ടയം നഗരം. കോട്ടയം നഗരം കണ്ട ഏറ്റവും വിപുലമായ രാജ്യാന്തര ചലച്ചിത്രമേളയുടെ തുടക്കം മുതൽ തന്നെ സിനിമാപ്രേമികൾ കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ്. വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള ചലച്ചിത്ര ആരാധകരുടെ നീണ്ട നിരയാണു ചലച്ചിത്രോത്സവവേദികളിൽ ദൃശ്യമായത്.

 

 മേളയുടെ ആദ്യദിനം തന്നെ സിനിമാ ആസ്വാദകർ നിറഞ്ഞെത്തിയതിന്റെ ആഘോഷത്തിലാണ് സിനിമാപ്രവർത്തകരും. അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ 39 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 18 ലോകസിനിമകളുണ്ട്. 27-ാമത് ഐ.എഫ്.എഫ്.കെയിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ, ലോകസിനിമ, കൺട്രി ഫോക്കസ്, കലൈഡോസ്‌കോപ്പ്, മലയാളം സിനിമ എന്നീ വിഭാഗങ്ങളിൽ പ്രദർശിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ ഉൾപ്പെടുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.