കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും ഭീതിയുയർത്തി പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ 3 നഗരസഭകളും 14 ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലയിലെ കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകളും, വെച്ചൂർ, കുറുപ്പന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ,നീണ്ടൂർ, ടി വി പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, ആതിരമ്പുഴ, തിരുവാർപ്പ് ഗ്രാമ പഞ്ചായത്തുകളുമാണ് നിരീക്ഷണ മേഖലകളിൽ ഉൾപ്പെട്ടിരിക്കുന്നത്. കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
പക്ഷിപ്പനി സ്ഥിരീകരിച്ച ആര്‍പ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ വളർത്തു പക്ഷികളെ ദയാവധം നടത്തി സംസ്കരിക്കുന്ന നടപടി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചു ദ്രുതകർമ്മ സംഘങ്ങളാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളുടെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട തുടങ്ങി മറ്റുവളര്‍ത്തു പക്ഷികള്‍ എന്നിവയുടെ മുട്ടയും ഇറച്ചിയും കാഷ്ടത്തിന്റെയും വില്‍പന മൂന്നു ദിവസത്തേക്ക് നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.
ആര്‍പ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലര്‍ കോഴി ഫാമിലും പക്ഷികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചത്. ഭോപ്പാലിലെ നാഷണൽ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5 എന്‍ 1 ഇനമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശാടനപ്പക്ഷികള്‍, കടല്‍പ്പക്ഷികള്‍ എന്നിവയിലൂടെയാണ് രോഗബാധ പടർന്നു പിടിക്കുന്നത്.