കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 2.30ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്നും നാഗമ്പടം മൈതാനത്തേക്കുള്ള വർണാഭമായ ഘോഷയാത്രയോടെയാണ് മേളയുടെ ചടങ്ങുകൾ ആരംഭിക്കുന്നത്. ഘോഷയാത്രയിൽ തെയ്യം, കൊട്ടക്കാവടി, ആട്ടക്കാവടി, മയിൽപൊയ്ക്കാൽ, ഗരുഡൻ തുടങ്ങി വിവിധ കലാരൂപങ്ങൾ അണിനിരക്കും.
വൈകിട്ട് നാലിന് നാഗമ്പടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് മേള ഉദ്ഘാടനം ചെയ്യും. സഹകരണ-സാംസ്‌കാരിക-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, എം.എൽ.എമാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സി.കെ ആശ, മാണി സി. കാപ്പൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ എന്നിവർ മുഖ്യാതിഥികളാകും.
ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പാൾ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, സബ് കളക്ടർ സഫ്ന നസറുദീൻ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.വി സുനിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. ബിജു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ സൈനമ്മ ഷാജു, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കോട്ടയം നഗരസഭാംഗം സിൻസി പാറേൽ, കോട്ടയം സിഡിഎസ് ചെയർപേഴ്സൺമാരായ അജിത ഗോപകുമാർ, പി.ജി ജ്യോതിമോൾ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനസമ്മേളനത്തിന് ശേഷം തൃപൂർണ്ണ എറണാകുളം നയിക്കുന്ന തീം മ്യൂസിക് ആൻഡ് ഡാൻസ് പെർഫോമൻസ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂൾ വിദ്യാർത്ഥിനി അർച്ചന അശോകൻ അവതരിപ്പിക്കുന്ന നൃത്തം, തൃശൂർ ആട്ടം കലാസമിതി നയിക്കുന്ന ഇൻസ്ട്രമെന്റൽ ഫ്യൂഷൻ സംഗീത വിരുന്ന് എന്നിവ നടക്കും.