കോട്ടയം: കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണം ആശങ്ക വേണ്ടെന്നു ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു. കോട്ടയം ജില്ലയിലെ 2 പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം എന്നീ മേഖലകളിൽ നിന്നുള്ള സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനു ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ പക്ഷികളെ കൊന്നൊടുക്കാൻ ആരംഭിച്ചു. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. അതിനാല്‍ ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ ശ്രദ്ധിക്കണം. ആര്‍പ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലര്‍ കോഴി ഫാമിലും പക്ഷികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചത്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍:
*രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കയ്യുറ, മുഖാവരണംഎന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുകയുംവേണം.
*ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തില്‍ കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യണം.
*ഇറച്ചി നന്നായി വേവിച്ച് പാകം ചെയ്യുക. പുഴുങ്ങിയ മുട്ട കഴിക്കാം.
*വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
*പച്ച മാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.