കോട്ടയം ജില്ലയിൽ ഭീതിയുയർത്തി വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ ഭീതിയുയർത്തി വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  പക്ഷിപ്പനി സ്ഥിരീകരിച്ച ആര്‍പ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ വളർത്തു പക്ഷികളെ ദയാവധം നടത്തി സംസ്കരിക്കുന്ന നടപടി തുടങ്ങി.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചു ദ്രുതകർമ്മ സംഘങ്ങളാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളുടെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട തുടങ്ങി മറ്റുവളര്‍ത്തു പക്ഷികള്‍ എന്നിവയുടെ മുട്ടയും ഇറച്ചിയും കാഷ്ടത്തിന്റെയും വില്‍പന മൂന്നു ദിവസത്തേക്ക് നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.