കോട്ടയം: ക്രിസ്മസിന്റെ വരവറിയിച്ചു ഗ്രാമ-നഗര വ്യത്യാസമില്ലാതെ നക്ഷത്ര വിപണി ജില്ലയിൽ സജീവം. വിവിധ തരം നക്ഷത്രങ്ങളും അലങ്കാര ബൾബ് മാലകളും ക്രിസ്മസ് ട്രീയും തുടങ്ങി ക്രിസ്മസ് രാവുകളെ ആഘോഷമാക്കാനുള്ള എല്ലാവിധ സാധനങ്ങളും വിപണിയിൽ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ 2 വർഷം കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിൽ നിന്നും നിയന്ത്രണങ്ങളില്ലാത്ത ആഘോഷ പൂർണ്ണമായ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് എല്ലാവരും. കഴിഞ്ഞ 2 വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കും. ഡിസംബർ ആദ്യ വാരം മുതൽ തന്നെ ക്രിസ്മസ് വിപണി സജീവമായി കഴിഞ്ഞിരുന്നു. വിലവർദ്ധനവ് ഈ വർഷം വലിയതോതിൽ ഉണ്ടായിട്ടില്ല എന്നും വ്യാപാരികൾ പറഞ്ഞു. പേപ്പർ നക്ഷത്രങ്ങൾ,പ്ലാസ്റ്റിക്ക് കോട്ടിങ് നക്ഷത്രങ്ങൾ,ഇലക്ട്രോണിക്ക് ഓട്ടോമാറ്റിക്ക് നക്ഷത്രങ്ങൾ,ക്രിസ്മസ് ട്രീ,പുൽക്കൂടുകൾ,ഓട്ടോമാറ്റിക്ക് അലങ്കാര ബൾബുകൾ തുടങ്ങി നിരവധി ക്രിസ്മസ് ആഘോഷ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്.
വീടുകളിലും ക്രിസ്മസിന്റെ വരവറിയിച്ചു നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും ഒരുങ്ങിക്കഴിഞ്ഞു. രാത്രിയിൽ നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ സമ്മാനിക്കുന്നത് വർണ്ണശബളമായ നക്ഷത്രത്തിളക്കമുള്ള കാഴ്ചകളാണ്. വരും ദിവസങ്ങളിൽ വ്യാപാരം വർധിക്കുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കേക്ക് മേളകളും ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രോണിക്ക് ബൾബുകളും അലങ്കാര വസ്തുക്കളും വാങ്ങാനായി വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി.