ലഹരിക്കെതിരേയുള്ള പ്രചാരണത്തിന് കരുത്തും ഊർജ്ജവും പകർന്നു കോട്ടയം ശാസ്ത്രി റോഡിൽ നടന്ന 'ലഹരിയില്ലാ തെരുവ് ' പരിപാടി.


കോട്ടയം: ലഹരിക്കെതിരേയുള്ള പ്രചാരണത്തിന് കരുത്തും ഊർജ്ജവും പകരുന്നതായി ഇന്നലെ കോട്ടയം ശാസ്ത്രി റോഡിൽ നടന്ന 'ലഹരിയില്ലാ തെരുവ് ' പരിപാടി. 

മന്ത്രിമാരായ വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പരിപാടിയിൽ അണിചേർന്നു. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ജീവനക്കാരുടെ സംഘടനകളും മഹാത്മാഗാന്ധി സർവകലാശാലയും എൻ.സി.സി.യും എൻ.എസ്.എസും വിവിധ വകുപ്പുകളും ജില്ലാ സ്പോർട്സ്  കൗൺസിലും ലഹരിക്കെതിരേ നടന്ന മനുഷ്യശൃംഖലയിലും പരിപാടികളിലും കണ്ണികളായി. 

മൂന്നര മണിക്കൂറോളം നീണ്ട ലഹരിയില്ലാ തെരുവിൽ നൂറിലധികം കലാപരിപാടികൾ അരങ്ങേറി. ഒരേ സമയം ഒട്ടനവധി കലാ പരിപാടികൾ ഒരേ വേദിയിൽ അരങ്ങേറിയത് കോട്ടയത്തിന് നവ്യാനുഭവമായി. ജീവിതമാണ് ലഹരിയെന്ന സന്ദേശം പകരുന്നതായിരുന്നു പരിപാടികൾ. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മൈം മത്സരവും മികച്ചതായി.