വൈക്കം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് മത്സ്യഫെഡ്. 'മികവ് 2022' എന്ന പേരിൽ വൈക്കം സത്യഗ്രഹ മെമ്മോറിയൽ സത്യാഗ്രഹഹാളിൽ നടന്ന അവാർഡ് ദാനചടങ്ങ് സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ശാക്തീകരണ പദ്ധതികളുടെ ധനസഹായ വിതരണം വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം നിർവഹിച്ചു.
മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ജില്ലയിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പുരസ്‌കാരം നൽകി ആദരിച്ചു. ക്യാഷ് അവാർഡും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മത്സ്യഫെഡ് ജില്ലാ മാനേജർ ബി. ഷാനവാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
മത്സ്യഫെഡ് ഭരണ സമിതി അംഗം ശ്രീവിദ്യ സുമോദ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വീണ അജി, വൈക്കം നഗരസഭാംഗം ബിന്ദു ഷാജി, മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം കെ.കെ രമേശൻ, വിവിധ മത്സ്യ തൊഴിലാളി യൂണിയൻ ഭാരവാഹികളായ പി.വി പുഷ്‌കരൻ, ഡി. ബാബു, പി.എൻ കിഷോർ കുമാർ എന്നിവർ പങ്കെടുത്തു.