കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ വാഴൂർ ബ്ലോക്ക്തല ക്ഷീരസംഗമം സംഘടിപ്പിച്ചു. നെടുംകുന്നം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സംഘടിപ്പിച്ച ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശന മത്സരവും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. റെജി, നെടുംകുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി വി. സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. എം. ജോൺ, ലത ഷാജൻ, ഗീത എസ്. പിള്ള, ലത ഉണ്ണികൃഷ്ണൻ, സൗമ്യ മോൾ, വർഗീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എൻ. സുജിത്ത് , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഭിലാഷ് ചന്ദ്രൻ, സി. വി. തോമസ് കുട്ടി, ഇ.വി.സി.എം.പി.യു. മെമ്പർ സോണി ഈറ്റയ്ക്കൽ, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ സി. ആർ. ശാരദ , വിവിധ ക്ഷീര സംഘം പ്രസിഡന്റുമാർ/സെക്രട്ടറിമാർ, ക്ഷീര വികസന ഓഫീസർ റ്റി. എസ്. ഷിഹാബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. കറവപശു, കിടാരി, പശുക്കുട്ടി വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് സമ്മാനവും ക്യാഷ് അവാർഡും നൽകി. ബ്ലോക്ക് പരിധിയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകൻ, കർഷക, എസ്.സി. കർഷകൻ തുടങ്ങിയവർക്ക് അനുമോദനവും ഉപഹാരങ്ങളും വിതരണം ചെയ്തു. ക്ഷീര മേഖലയിലെ കർഷകർ അവരുടെ അനുഭവ സമ്പത്ത് മറ്റ് കർഷകരുമായി പങ്കുവെക്കുന്ന തത്സമയ ചോദ്യോത്തര പരിപാടി 'ഗവ്യജാലകം', ക്ഷീരകർഷക സെമിനാർ എന്നിവയും സംഘടിപ്പിച്ചു. 'പാൽ ഗുണനിലവാര വർദ്ധനവ്-നാളെയുടെ ആവശ്യം', 'സുസ്ഥിര ക്ഷീര വികസനം' എന്നീ വിഷയങ്ങളിൽ സംവാദം നടന്നു.
