കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ പ്ലസ് സൈസ് മത്സരമായ ദി മാവൻ മിസ് പ്ലസ് സൈസിന്റെ കേരളത്തില്‍ നിന്നുള്ള ഒരേ ഒരു മത്സരാർത്ഥിയായി കോട്ടയംകാരി ജിൻസി ബോബു. ബാംഗ്ലൂര്‍ വെച്ച് നടന്ന ഓഡിഷനിൽ അറുപതോളം വരുന്ന മത്സരാർത്ഥികളിൽ ഒരാള്‍ ആയും ഇന്ത്യയൊട്ടാകെ നടന്ന ഓഡിഷനിൽ ആയിരത്തോളം മത്സരാർത്ഥികളിൽ നിന്ന് 82 പേരില്‍ ഒരാളായുമാണ് ജിൻസി ബോബു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഈ മാസം 21,22,23 തീയതികളില്‍ ഡൽഹി താജ് വിവാന്റ ദ്വാരകയില്‍ വെച്ച് മത്സരത്തിന്റെ ഗ്രൂമിങ് സെഷൻസും 24 ശനിയാഴ്ച്ച ഫൈനലും നടക്കും. ചെറുപ്പം മുതൽ നല്ല ഗുണ്ടുമണിയായിരുന്നു, വണ്ണം കൂടിയതിൽ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒരുപാട് കേട്ടെങ്കിലും അന്നൊക്കെ മനസ്സ് ഒരുപാട് തളരുകയും തകരുകയും ചെയ്‌തെങ്കിലും പിന്നീട് എന്തിനെയും അതിജീവിക്കുമെന്നു സ്വയം പാകപ്പെടുത്തിയ മനസ്സുമായി ഇത്തരമൊരു വലിയ മത്സരത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമാണെന്നു ജിൻസി പറഞ്ഞു.

ജനന സമയത്ത് ഒരു കിലോ പോലും ഉണ്ടായിരുന്നില്ല, വണ്ണം വെപ്പിക്കാൻ അമ്മ കുറേ കഷ്ടപ്പെട്ടു, പിന്നീട് ഫുഡ്ഡടിക്കലും കൂടിയായപ്പോൾ ഗുണ്ടുമണിയായി എന്ന് ജിൻസി പറയുന്നു. പിന്നീട് തൈറോയിഡും വണ്ണത്തിൽ കൂടുതൽ സംഭാവന നൽകി. അങ്ങനെ ചെറുപ്പം മുതൽ നല്ല ഗുണ്ടുമണി ആയത് കൊണ്ട് തന്നെ ഒത്തിരി കളിയാക്കലും തടിച്ചി എന്നുള്ള വിളിയും ഒക്കെ കുറേ കേട്ടിട്ടുണ്ട്... കുഞ്ഞായിരുന്നപ്പോൾ ഈ കളിയാക്കലും ഒക്കെ കേട്ട് ഒത്തിരി സങ്കടപ്പെട്ടു എങ്കിലും ഒരു പത്ത് പതിനാല് വയസ് ഒക്കെ ആയപ്പോൾ പതിയെ പതിയെ തിരിച്ചറിയാൻ തുടങ്ങി ഈ വണ്ണമോ, നിറമോ ഒന്നുമല്ല നല്ല സുഹൃത്തുക്കളെ കിട്ടാനുള്ള മാനദണ്ഡങ്ങൾ ഒന്നും എന്ന് ജിൻസി പറയുന്നു. അങ്ങനെ അന്നു മുതൽ ചങ്ക് പറിച്ച് കൂട്ടുകാരെ സ്നേഹിക്കാൻ തുടങ്ങി. തിരിച്ച് ഞാൻ സ്നേഹിച്ചതിൻ്റെ നൂറിരട്ടി തന്ന് എൻ്റെ കൂട്ടുകാർ എന്നെയും സ്നേഹിച്ചു.

അതിനിടയിൽ തീറ്റ കൂടി വണ്ണവും കൂടിയാതായി സരസമായെങ്കിലും ജിൻസി പറയുന്നു. കല്ല്യാണം കഴിഞ്ഞ് കെട്ടിയോനും മക്കളും ഒക്കെ എൻ്റെ ഗുണ്ടുമണി കവിളിൻ്റെ ആരാധകര് ആയപ്പോൾ വണ്ണം കുറയ്ക്കാൻ എനിക്കൊട്ട് തോന്നിയുമില്ല എന്ന് ജിൻസി പറയുന്നു. എൻ്റെ ലൈഫിൽ ഈ വണ്ണം കാരണം മാത്രം കിട്ടിയ ഒരു ഭാഗ്യത്തിൻ്റെ ഭാഗമാകാൻ പോകുന്നത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും ജിൻസി പറഞ്ഞു. മറ്റുള്ളവർക്ക് ഭാരമായി തോന്നുകയും എനിക്കങ്ങനെ തോന്നുകയും ചെയ്തിട്ടില്ലാത്ത എൻ്റെ വണ്ണം കാരണം ഞാൻ ദാ ഒരു ഇൻ്റർനാഷണൽ പ്ലാറ്റ്ഫോമിൽ പെർഫോം ചെയ്യാൻ പോകുന്നു എന്നത് ഇപ്പോഴും ഒരു അവിശ്വസനീയ കഥ പോലെയാണ് തോന്നുന്നതെന്നു ജിൻസി പറയുമ്പോൾ ആ മുഖത്ത് തെളിയുന്നത് ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പുഞ്ചിരിയാണ്. മത്സരത്തിൽ വിജയിക്കുന്നതോ സമ്മാനാർഹയാകുന്നതോ എന്നതിലുപരി തന്നെപ്പോലെ അപമാനങ്ങളും അടിച്ചമർത്തലുകളും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒക്കെ കേട്ട് മടുത്തു ജീവിതത്തിന്റെ എല്ലാ സൗന്ദര്യങ്ങളെയും ആസ്വദിക്കാനാവാതെ സ്വയം അന്തർമുഖതയിലേക്ക് തങ്ങളെ തളച്ചിടുന്ന ഒരു കൂട്ടം ആളുകള്‍ക്ക് പ്രചോദനവും കരുത്തുമാകാൻ വേണ്ടിയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിന് ജിൻസി ആവർത്തിച്ചുറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്ലസ് സൈസ് മത്സരമായ ദി മാവൻ മിസ് പ്ലസ് സൈസിന്റെ കേരളത്തില്‍ നിന്നുള്ള ഒരേ ഒരു മത്സരാർത്ഥിയായ കോട്ടയംകാരി ജിൻസി ബോബുവിനു കോട്ടയത്തിന്റെ വിജയാശംസകൾ.