പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കോട്ടയത്ത് വ്യാപക അക്രമം, കെ എസ് ആർ ടി സി ബസ്സിന്‌ നേരെ കല്ലേറ്, ഈരാറ്റുപേട്ടയിൽ ലാത്തി ചാർജ്, 100 പേരെ കരുതൽ തടവിലാക്കി


കോട്ടയം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ കോട്ടയത്ത് വ്യാപക അക്രമം. കോട്ടയത്ത് എം സി റോഡിൽ കെ എസ് ആർ ടി സി ബസ്സിന്‌ നേരെ കല്ലേറുണ്ടായി. ബസ്സിന്റെ ചില്ല് തകർന്നു. കൂത്താട്ടുകുളത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിന്‌ തെള്ളകത്തു വെച്ചാണ് കല്ലേറുണ്ടായത്.

കുറിച്ച് ഔട്ട് പോസ്റ്റിനു സമീപവും മന്ദിരം കവല ഭാഗത്തും ഹർത്താൽ അനുകൂലികൾ കെ എസ് ആർ ടി സി ബസ്സിന്‌ കല്ലെറിഞ്ഞു. ഈരാറ്റുപേട്ടയിൽ റോഡ് തടഞ്ഞു പ്രകടനം നടത്തിയ പ്രവർത്തകർ വാഹനം തടയുകയും യാത്രികനെ മർദിക്കുകയും ചെയ്തതോടെ പോലീസ് രണ്ടു തവണ ലാത്തി വീശി. അക്രമ സാധ്യത കണക്കിലെടുത്ത് 100 ഓളം പേരെ ഈരാറ്റുപേട്ട പോലീസ് കരുതൽ തടവിലാക്കിയിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ട, പാലാ പോലീസ് സ്റേഷനുകളിലേക്ക് മാറ്റി.

അയ്മനത്തും കാരാപ്പുഴയിലും കെ എസ് ആർ ടി സി ബസ്സിന്‌ നേരെ കല്ലേറ് ഉണ്ടായി. ഹർത്താലിൽ തുറന്നു പ്രവർത്തിച്ച സംക്രാന്തിയിലെ ലോട്ടറിക്കട പ്രവർത്തകർ അടിച്ചു തകർത്തു. തുറന്നു പ്രവർത്തിച്ച കടകൾ സമരാനുകൂലികൾ അടപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജില്ലയിൽ പോലീസിന്റെ കനത്ത പെട്രോളിംഗ് നടത്തുന്നുണ്ട്. കോടിമതയിൽ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി. പോലീസ് കർശന സുരക്ഷയൊരുക്കുന്നുണ്ട്. കോട്ടയം കുറിച്ചിയിൽ ഹോട്ടലിന് നേരെ കല്ലേറ് ഉണ്ടായി. ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിച്ചെത്തിയവർ ആണ് ഹോട്ടലിലേക്ക് കല്ലെറിഞ്ഞത്. ബസുകൾക്ക് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ കോട്ടയം ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി നിർത്തി വച്ചു.