എരുമേലി: കോട്ടിടാത്തതിന്റെ പേരില്‍ വിദ്യാർത്ഥികൾക്ക് മുന്നില്‍ വെച്ച് സ്‌കൂൾ പ്രിൻസിപ്പൽ അപമാനിച്ചതിൽ പ്രതിഷേധിച്ചു അദ്ധ്യാപിക രാജി വെച്ചു. എരുമേലി മുക്കൂട്ടുതറ കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക്ക് സ്‌കൂളിലാണ് സംഭവം. അധ്യാപികയായ റാണിയാണ് സ്‌കൂളിൽ നിന്നും രാജി വെച്ചത്. കോട്ടിടാത്തതിന്റെ പേരില്‍ വിദ്യാർത്ഥികൾക്ക് മുന്നില്‍ വെച്ച് സ്‌കൂൾ പ്രിൻസിപ്പൽ അപമാനിച്ചതിൽ പ്രതിഷേധിച്ചു മാത്രമല്ല സ്‌കൂളിൽ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്ന നിരവധിയായ വിവേചനങ്ങളിൽ കൂടി പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് റാണി ടീച്ചർ പറഞ്ഞു.

പ്രതിഷേധവും പ്രതികരണവുമായി ടീച്ചർ രംഗത്ത് എത്തിയതോടെ പൂർവ്വ വിദ്യാർത്ഥികളും വിദ്യാർത്ഥികളും ജീവനക്കാരുമുൾപ്പടെ നിരവധിപ്പേരാണ് സ്‌കൂളിലെ വിവേചനങ്ങളിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 4 മാസങ്ങൾക്ക് മുൻപാണ് റാണി സ്‌കൂളിൽ ടീച്ചറായി ജോലിക്ക് കയറുന്നത്. ജോയിൻ ചെയ്തതിന്റെ പിറ്റേന്ന് തന്നെ ടീച്ചേഴ്സിനുള്ള കോട്ടിനു തന്റെ അളവ് നൽകിയിരുന്നതായും റാണി പറയുന്നു. യൂണിഫോം തയ്ച്ചു നൽകേണ്ടത് സ്‌കൂളിൽ നിന്നും ആയിരിക്കെ ഇത് ലഭിക്കാതിരുന്നതിനു തന്നെ വ്യക്തിപരമായി അവഹേളിക്കുകയും കോട്ടിടാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ചു പോലും അപമാനിക്കുകയായിരുന്നു എന്ന് ടീച്ചർ പറയുന്നു. പലപ്പോഴും കോട്ട് ഇടാത്തതിന്റെ പേരിൽ പ്രിൻസിപ്പൽ അപമാനിച്ചതായും ടീച്ചർ പറയുന്നു.

മാന്യമായി വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതാണ്, താൻ മാന്യമല്ലാത്ത രീതിയിൽ വസ്ത്രം ധരിച്ചു വന്നിരിക്കുന്നതായാണ് പ്രിൻസിപ്പൽ കണക്കാക്കുന്നതെന്നും ഇതുവരെയും കോട്ട് ലഭിച്ചില്ല എന്ന് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുക്കുന്നതിനിടെ വിളിച്ചിറക്കി ചോദിക്കുകയുമായിരുന്നു എന്ന് റാണി പറയുന്നു. കോട്ട് തയ്ച്ചു ലഭിക്കാഞ്ഞതിനാലാണ് ധരിക്കാതിരുന്നതെന്നും പുരുഷ അധ്യാപകർക്കില്ലാത്ത വനിതാ അധ്യാപകരിൽ അടിച്ചേൽപ്പിക്കുന്നത് വിവേചനമാണെന്നു പലപ്പോഴായി തുറന്നു പറഞ്ഞിരുന്നതായും റാണി ടീച്ചർ പറയുന്നു. കുട്ടികൾ മോശമായ രീതിയിൽ അധ്യാപികമാരെ നോക്കുമെന്ന രീതിയിലുള്ള സംസാരമാണ് ഇതുമായി ബന്ധപ്പെട്ടു സഹപ്രവർത്തകരോട് സംസാരിച്ചപ്പോൾ ഉണ്ടായതെന്ന് ടീച്ചർ പറയുന്നു. വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ചു അപമാനിക്കുകയും ഭീഷണിപ്പെടുത്തിയുമുള്ള സംസാരമാണ് പ്രിൻസിപ്പൽ ഫാ. സോജി ജോസഫിന്റേതെന്നു റാണി ടീച്ചർ പറയുന്നു.

സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം കോറിഡോറാണ് സ്‌കൂളിൽ സജ്ജമാക്കിയിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകം കോവണിയിൽ കൂടി മാത്രമേ കയറിയിറങ്ങാവു, കോറിഡോർ മാറി സഞ്ചരിക്കാൻ പാടില്ല, വീട്ടിൽ നിന്നും കൊണ്ടുവരുന്ന വെള്ളം പോലും പങ്കുവെയ്ക്കാൻ പാടില്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍ വെച്ച് പരസ്പരം സംസാരിക്കാൻ പാടില്ല, ക്ലാസ്സ് സമയത്ത് അത്യാവശ്യ സന്ദർഭങ്ങളിൽ ടോയ്‌ലറ്റിൽ പോലും പോകാൻ അനുമതിയില്ല, തുടങ്ങി നിരവധി വിവേചനമാണ് സ്‌കൂളിൽ നടക്കുന്നതെന്ന് ടീച്ചർ പറഞ്ഞു. പലരും പല കാരണങ്ങളാൽ ഇതൊന്നും പുറത്തു പറയാറില്ല. എന്നാൽ വിവേചനമില്ല അധ്യാപികമാരുടെ സുരക്ഷയെ കരുതിയാണ് കോട്ട് ധരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വര്ഷങ്ങളായി സ്‌കൂളിലെ അധ്യാപികമാർ കോട്ട് ധരിച്ചാണ് പഠിപ്പിക്കുന്നതെന്നും ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സോജി ജോസഫ് പറഞ്ഞു.

ലിംഗ വ്യത്യാസമില്ലാതെ പരസ്പരം തുല്യതയുടെ ബാലപാഠങ്ങൾ മനസ്സിലാക്കേണ്ട സ്‌കൂളിൽ നിന്നാണ് ഇത്തരമൊരു വിവേചനം നടക്കുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. വിഷയത്തിൽ റാണി ടീച്ചർ വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. വിഷയം പുറത്തായതോടെ നിരവധി പൂർവ്വ വിദ്യാർത്ഥികളാണ് സ്‌കൂളിലെ വിവേചനം ശരി വെച്ചു പ്രതികരിക്കുന്നത്. വീടിന്റെ അടുത്ത് താമസിക്കുന്ന ആൺ കുട്ടിയോട് സ്കൂളിൽ വന്നാൽ മിണ്ടാൻ പേടി ആയിരുന്നു എന്നും കുട്ടികളെ വെറും മെഷീൻ മാത്രമായാണ് ഇവർ കാണുന്നതെന്നും ഒരു പൂർവ്വ വിദ്യാർത്ഥി പറയുന്നു. ടൂർ പോയാൽ പോലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വാഹനം ആയിരുന്നു എന്നും ആഘോഷപരിപാടികളിൽ പോലും യൂണിഫോമിൽ എത്തണമായിരുന്നു എന്നും പൂർവ്വ വിദ്യാർത്ഥികൾ പറയുന്നു. കുട്ടികളെ കുറ്റവാളികളെ പോലെ ആണ് കാണുന്നത്, ജൻഡർ ഡിസ്ക്രിമിനേഷൻ ഏറ്റവും കൂടുതൽ കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു സ്കൂൾ ആണ് ഇതെന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ ചിലർ പറയുന്നു. വിദ്യാലയത്തിൽ സിലബസ് വിദ്യാഭ്യാസം മാത്രമല്ല ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവസരം കൂടി നൽകേണ്ട ഇടമാണെന്ന് പ്രിൻസിപ്പലും സ്‌കൂൾ മാനേജ്‌മെന്റും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.