കോട്ടയം കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിനും മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനും ഉൾപ്പടെ സംസ്ഥാനത്ത്13 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം.


തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 11 ആശുപത്രികൾക്ക് പുന: അംഗീകാരവും 2 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്.

 

 എറണാകുളം രായമംഗലം കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോറും, കോട്ടയം കല്ലറ കുടുംബാരോഗ്യ കേന്ദ്രം 97 സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 146 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 4 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 92 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം 97 ശതമാനം, മുണ്ടക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 80.40 ശതമാനം, പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം, കോട്ടയം മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം 95 ശതമാനം, ഇടുക്കി പാറക്കടവ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 87.20 ശതമാനം, എറണാകുളം തൃപ്പൂണിത്തുറ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 90.30 ശതമാനം, മണീട് കുടുംബാരോഗ്യ കേന്ദ്രം 98.47 ശതമാനം, മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം, കോഴിക്കോട് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം 95 ശതമാനം, വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 93 ശതമാനം എന്നീ കേന്ദ്രങ്ങൾക്കാണ് മൂന്ന് വർഷത്തിന് ശേഷം വീണ്ടും എൻ.ക്യു.എ.എസ്. ബഹുമതി ലഭിച്ചത്.