'എന്റെ കേരളം' പ്രദർശന-വിപണന മേളയുടെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടവും ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.


കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടത്തിയ 'എന്റെ കേരളം' പ്രദർശന-വിപണന മേളയുടെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടവും ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്‌കാരങ്ങൾ നൽകി. മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ ജി. ശിവപ്രസാദ് (മികച്ച വാർത്താചിത്രം), ദീപിക റിപ്പോർട്ടർ ജിബിൻ കുര്യൻ (മികച്ച അച്ചടി മാധ്യമ റിപ്പോർട്ട്), ദൃശ്യ ന്യൂസ് ന്യൂസ് എഡിറ്റർ ജോജു ജോസഫ് (മികച്ച ദൃശ്യമാധ്യമ റിപ്പോർട്ട്) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച കാമറാമാനുള്ള പുരസ്‌കാര ജേതാവ് അമൃത ടിവി സീനിയർ കാമറാമാൻ സി.എസ്. ബൈജുവിനുവേണ്ടി സഹപ്രവർത്തകനായ എം.കെ. വിനോദാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നഗരസഭാംഗം റീബാ വർക്കി, ഐ.-പി.ആർ.ഡി. മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.