കിഴക്കൻ മേഖലകളിലുൾപ്പടെ മഴ കനക്കുന്നു, കോട്ടയം ജില്ലയിൽ ഇന്നും നാളെയും മഞ്ഞ അലേർട്ട്.


കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ മഴ കനക്കുന്നു. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇന്ന് രാവിലെയോടെ ശക്തമായി തുടരുകയാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.