വെച്ചൂർ ഗ്രാമപഞ്ചായത്തിൽ ഇനി ഡിജിറ്റലായി നികുതി അടയ്ക്കാം


കോട്ടയം: വെച്ചൂർ ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഇനിമുതൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനവും. പഞ്ചായത്തിൽ അടക്കേണ്ട നികുതിയും മറ്റ് സേവനങ്ങളും ക്യൂ ആർ കോഡ് സംവിധാനം ഉപയോഗിച്ച് അടയ്ക്കാനുള്ള സൗകര്യമാണ് പഞ്ചായത്ത് ഒരുക്കിയത്.

വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് സ്വന്തം വീടിന്റെ കെട്ടിടനികുതി അടച്ച് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരെ കാത്തു നിൽക്കാതെ തന്നെ നികുതി അടക്കാൻ സാധിക്കുന്ന പുതിയ സംവിധാനം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മണിലാൽ, പഞ്ചായത്ത് സെക്രട്ടറി വി.എൻ. റെജിമോൻ എന്നിവർ പങ്കെടുത്തു.