കോട്ടയം: പാലാ മഹാത്മാഗാന്ധി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശന കവാടവും കവാടത്തിൽ സ്ഥാപിച്ച ഗാന്ധിജിയുടെ പൂർണകായപ്രതിമയും നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. പാലാ- രാമപുരം റോഡിൽ സിവിൽ സ്റ്റേഷന് എതിർവശം നിർമിച്ച പുതിയ മന്ദിരത്തിനു മുന്നിലായി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പടിപ്പുരയോടുകൂടിയ പ്രവേശന കവാടവും ചുറ്റുമതിലും നിർമ്മിച്ചത്. കെ.എം. മാണി എം.എൽ.എ.യായിരിക്കെ 2017-18 ലെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
പ്രവേശന കവാടം മുതൽ സ്‌കൂൾ കെട്ടിടംവരെയുള്ള വഴി ടൈൽ പാകി. സ്‌കൂളിലെ ശുദ്ധജല വിതരണത്തിനായി നഗരസഭ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയിലൂടെ രണ്ടു ലക്ഷം രൂപ വിനിയോഗിച്ച് 8000 ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയും നിർമിച്ചു.
പാലാ നഗരസഭാ വിദ്യാഭ്യാസ-കലാകായിക സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ തോമസ് പീറ്റർ, നഗരസഭാംഗം ബിജി ജിജോ കുടക്കച്ചിറ, സ്‌കൂൾ പ്രിൻസിപ്പൽ തുഷാര നൈനാൻ, ഹെഡ്മാസ്റ്റർ വി.വി. സുരേഷ് കുമാർ, പി.റ്റി.എ. പ്രസിഡന്റ് കെ.ആർ. ദിവാകരൻ എന്നിവർ പങ്കെടുത്തു.