കോട്ടയം: പൊതു വിപണിയില്‍ കച്ചവടക്കാര്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനം സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത് കണ്‍സ്യൂമര്‍ ഫെഡും സഹകരണ സ്ഥാപനങ്ങളുമാണ് എന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കൈപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വിഷു-ഈസ്റ്റർ-റംസാൻ-സഹകരണ വിപണി കോട്ടയം ജില്ലാത ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ബാങ്ക് പ്രസിഡന്റ് കെ എം ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നീണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ് കുമാർ ആദ്യ വിൽപ്പനയും നിർവ്വഹിച്ചു. 12 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ വിപണിയിൽ ലഭിക്കും. മറ്റ് അവശ്യ വസ്തുക്കൾക്ക് വിപണി വിലയിൽ നിന്നും 15 മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും. ഏപ്രിൽ 18 വരെയാണ് വിപണിയുടെ പ്രവർത്തനം. വിശേഷ അവസരങ്ങള്‍ ആഘോഷ ഭരിതമാക്കാന്‍ പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
വിശേഷ അവസരങ്ങളില്‍ പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ആശ്വാസവുമായി രംഗത്തു വരുന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. 800 ല്‍പ്പരം ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി വേട്ടയാടിയ സമയത്ത് പള്‍സ് ഓക്‌സി മീറ്റര്‍ അവശ്യ ഘടകമായിരുന്നു. അന്ന് 3000 രൂപയായിരുന്നു പൊതുവിപണിയിലെ വില.എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡ് ആദ്യം 920 രൂപയ്ക്കും പിന്നീട് 500 രൂപയ്ക്കും വിതരണം ചെയ്തു എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. അവശ്യ നിത്യോപയോഗ സാധനങ്ങളും കോസ്‌മെറ്റിക്‌സ്, ഹൗസ് ഹോൾഡ് ഉൽപ്പന്നങ്ങളും, പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവ് വിൽപ്പന നടത്തുവാൻ ആവശ്യമായ സ്റ്റോക്ക് കൺസ്യൂമർഫെഡ് ശേഖരിച്ചിട്ടുണ്ട്. ജയ അരി കിലോയ്ക്ക് 25 രൂപ, കുറുവ അരി കിലോയ്ക്ക് 25 രൂപ, കുത്തരി കിലോയ്ക്ക് 24 രൂപ, പച്ചരി കിലോയ്ക്ക് 23 രൂപ, പഞ്ചസാര കിലോയ്ക്ക് 22 രൂപ, വെളിച്ചെണ്ണ കിലോയ്ക്ക് 92 രൂപ, ചെറുപയർ കിലോയ്ക്ക് 74 രൂപ, വൻകടല കിലോയ്ക്ക് 43 രൂപ, ഉഴുന്ന് ബോൾ കിലോയ്ക്ക് 66 രൂപ, വൻപയർ കിലോയ്ക്ക് 45 രൂപ, തുവരപരിപ്പ് കിലോയ്ക്ക് 65 രൂപ, മുളക് ഗുണ്ടൂർ കിലോയ്ക്ക് 75 രൂപ, മല്ലി കിലോയ്ക്ക് 79 രൂപ എന്നിങ്ങനെയാകും വിൽപ്പന. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, 500 ഗ്രാം വീതം വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്നു, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെയാകും നൽകുക.