കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്പരിഹാരം നല്‍കാന്‍ അടിയന്തര ഇടപെടലുണ്ടാക്കും; വി എൻ വാസവൻ.


കോട്ടയം: കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്പരിഹാരം നല്‍കാന്‍ അടിയന്തര ഇടപെടലുണ്ടാക്കുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വേനൽ മഴയിൽ നെല്‍കൃഷി നാശം സംഭവിച്ച തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ ബ്ലോക്ക്(ഒന്‍പതിനായിരം പാടശേഖരം), തിരുവായിക്കര പാടശേഖരങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. 1850 ഏക്കര്‍ വരുന്ന ജെ-ബ്ലോക്ക് പാടശേഖരത്തിലും 860 ഏക്കര്‍ വരുന്ന തിരുവായിക്കര പാടശേഖരത്തിലും കൊയ്തുപാകമായ നെൽച്ചെടികൾ വെള്ളത്തിൽ വീണുകിടക്കുകയാണ്. കര്‍ഷകരുടെ നഷ്ടം വിലയിരുത്തി നിവേദനം തയ്യാറാക്കി നല്‍കാന്‍ പാടശേഖര സമിതി ഭാരവാഹികളോട് മന്ത്രി ആവശ്യപ്പെട്ടു. നിവേദനം മുഖ്യമന്ത്രിയുടേയും കൃഷിമന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും വി എൻ വാസവൻ പറഞ്ഞു. തിരുവായിക്കര പാടശേഖരത്ത് മട വീഴ്ച തടയുന്നതിനും പുറംബണ്ട് ബലപ്പെടുത്തുന്നതിനും പദ്ധതി നടപ്പാക്കും. രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പഴുക്കാംനില കായല്‍ ശുചീകരണ പദ്ധതിയിൽ മീനച്ചിലാര്‍,കോടൂരാര്‍ നദികളില്‍ നിന്ന് ഒഴുകിയെത്തിയ എക്കലും ചെളിയും മണ്ണും നീക്കംചെയ്ത് തോടുകളുടെ ആഴം വർദ്ധിപ്പിക്കും. നദികളിലെ ജലം സുഗമമായി വേമ്പനാട്ടു കായലിലേക്ക് ഒഴുകുന്നതോടെ തിരുവാർപ്പ് പ്രദേശത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും. നീക്കം ചെയ്യുന്ന ചെളിയും മണ്ണുമുപയോഗിച്ച് തിരുവായിക്കര പാടത്തിനു ചുറ്റും വാഹനസൗകര്യം ഉറപ്പാക്കുന്ന റോഡും പാടശേഖരത്തിന് പുറംബണ്ടും നിര്‍മ്മിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.