അംബേദ്കർ ഗ്രാമം പദ്ധതിയിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ രണ്ടുകോടി രൂപ അനുവദിച്ചു.


എരുമേലി: പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികജാതി വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് കോളനികൾ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുകോടി രൂപ അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഒരു നിയോജക മണ്ഡലത്തിൽ ഒരു കോളനി പ്രകാരം ദത്തെടുക്കുമ്പോൾ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് പട്ടികജാതി ക്ഷേമ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനോട് എംഎൽഎ പ്രത്യേക അഭ്യർത്ഥന നടത്തുകയും തുടർന്ന് പ്രത്യേക പരിഗണനയിൽ രണ്ട് കോളനികൾക്ക് ഫണ്ട് ലഭ്യമാവുകയുണ്ടായി എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഇത് പ്രകാരം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാർഡ് 17 ലെ ഇഞ്ചിയാനി- ആഴമല ഐഎച്ഡിപി കോളനിക്കും, എരുമേലി ഗ്രാമ പഞ്ചായത്ത് വാർഡ് 13 ലെ കണമല- മൂക്കംപെട്ടി ഐഎച്ഡിപി കോളനിക്കുമാണ് ഫണ്ട് അനുവദിക്കപ്പെട്ടത്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രസ്തുത കോളനികളിൽ ചേർന്ന ഉപഭോക്തൃ സമിതി യോഗങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.