കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് ചടങ്ങുകൾ മാത്രമായി കഴിഞ്ഞ 2 വർഷങ്ങളായി ആഘോഷിക്കാതിരുന്ന വിഷുവും ഈസ്റ്ററും ഇത്തവണ പൊടിപൊടിച്ചാഘോഷിക്കാനൊരുങ്ങുകയാണ് നാടും നഗരവും. വിഷുവിനു ഇനി ഒരു നാൾ മാത്രവും സ്റ്റാറിന് ഇനി മൂന്നു നാൾ മാത്രവും ശേഷിക്കവേ വിഷു-ഈസ്റ്റർ ആഘോഷ തിരക്കിലാണ് നാടും നഗരവും. ഗ്രാമീണ മേഖലകളിലും നഗര മേഖലകളിലും ഇന്ന് രാവിലെ മുതൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഉച്ചക്ക് ശേഷം ആരംഭിക്കുന്ന ശക്തമായ മഴയെ തുടർന്ന് കൂടുതലാളുകളും രാവിലെ തന്നെ വിവിധ സാധനങ്ങൾ വാങ്ങുന്നതിനായി വിപണിയിൽ എത്തിത്തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയാണ് വിഷു. കോവിഡ് മഹാമാരിയുടെ ഭീതിയാക്കലുകയും നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തതോടെ നാടും നഗരവും ഉത്സവാഘോഷത്തിന്റെ മേളത്തിരക്കിലാണ്. വസ്ത്ര വ്യാപാര കടകളിൽ ഇന്ന് രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുക്കോടിയെടുക്കാനും മറ്റുള്ളവർക്കായി വിഷുക്കൈനീട്ടത്തിനൊപ്പം സമ്മാനമായി നൽകാനായി വസ്ത്രങ്ങൾ വാങ്ങാനായി നിരവധിപ്പേരാണ് എത്തുന്നത്. പലചരക്ക്-പച്ചക്കറി കടകളിലും തിരക്ക് വർധിച്ചു തുടങ്ങി. ഉത്സവ ദിനങ്ങൾ പ്രമാണിച്ച് സപ്പ്ലൈക്കോയുടെയും കൺസ്യൂമർ ഫെഡിന്റെയും പ്രത്യേക സ്റ്റാളുകൾ വിലക്കുറവിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ പഞ്ചായത്തുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും വിവിധ സംഘടനകളുടെയും സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. കണിക്കൊന്ന പൂക്കളും വിഷുക്കണി വിഭവങ്ങളും വാങ്ങാനായി നാളെ ഗ്രാമ നഗര വ്യത്യാസമില്ലാതെ വലിയ തിരക്കാകും അനുഭവപ്പെടുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴയാണ് ഇപ്പോൾ ഉത്സവാഘോഷങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. മഴ ശക്തമാകുന്നതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറുകയും ഇതുമൂലം ഗതാഗത തടസ്സം നേരിടുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത തടസവും അനുഭവപ്പെടുന്നുണ്ട്. ചിലയിടങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. മഴ പടക്ക വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട് എങ്കിലും ജില്ലയിൽ പടക്ക വിപണി സജീവമാണ്.