രാജ്യ തലസ്ഥാനത്ത് ജലസംരക്ഷണത്തിൻ്റെ കേരള മാതൃക അവതരിപ്പിച്ച് വാഴൂർ ഗ്രാമപഞ്ചായത്ത്.


കോട്ടയം: രാജ്യ തലസ്ഥാനത്ത് ജലസംരക്ഷണത്തിൻ്റെ കേരള മാതൃക അവതരിപ്പിച്ച് വാഴൂർ ഗ്രാമപഞ്ചായത്ത്. ആസാദി കാ അമൃത മഹോത്സവത്തിൻ്റെ  ഭാഗമായി കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ ജലസംരക്ഷണത്തിൻ്റെ കേരള മാതൃക അവതരിപ്പിച്ച് വാഴൂർ ഗ്രാമ പഞ്ചായത്ത് രാജ്യശ്രദ്ധ നേടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്കൊപ്പം കേരളത്തിൽ നിന്ന് വാഴൂരിതും മുളന്തുരുത്തിക്കുമാണ് അവസരം ലഭിച്ചത്. ജലസംരക്ഷണത്തിനായി വാഴൂർ പഞ്ചായത്തിൽ  നടത്തിയ വിവിധ പദ്ധതികൾ ക്രോഡീകരിച്ച് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഇത് വിലയിരുത്തിയതി ൻ്റെ അടിസ്ഥാനത്തിലാണ്  ജല സൗഹൃദ പഞ്ചായത്ത് വിഭാഗത്തിൽ  വാഴൂർ തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന സെമിനാറിൽ   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി റെജി വാഴൂരിൽ നടപ്പാക്കിയ  ജലസംരക്ഷണ  പ്രവർത്തനങ്ങൾ വിശദീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മഴക്കുഴികൾ, കിണർ റീചാർജിങ് സമ്പ്രദായം, മഴവെള്ള സംഭരണികളുടെ നിർമ്മാണം, തുടർ ചെക്ക്ഡാമുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം സെമിനാറിൽ അവതരിപ്പിച്ചു.  ഇത്തരത്തിലുള്ള പദ്ധതികൾ സംസ്ഥാനത്താകെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേരള സർക്കാർ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത് വകുപ്പ് ജോയിൻ്റ് ഡയറക്ടർ ത്രേസ്യാമ്മ ആൻ്റണി, ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻറ് സിന്ധു ചന്ദ്രൻ ഗ്രാമപഞ്ചായത്തംഗം  അജിത് കുമാർ എന്നിവരും സെമിനാറിൽ പങ്കെടുത്തു.