നെടുംകുന്നം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് ഒപ്പുശേഖരണം നടത്തി.


നെടുംകുന്നം: നെടുംകുന്നം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് ഒപ്പുശേഖരണം നടത്തി. കറുകച്ചാൽ-മണിമല റോഡും, നെടുംകുന്നം-കാവനാൽ കടവ് റോഡും തമ്മിൽ ചേരുന്ന നെടുംകുന്നം പള്ളിപ്പടിക്കലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് എൽ.ഡി.എഫ് നെടുംകുന്നം പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും ഒപ്പുശേഖരണവും നടത്തിയത്. നെടുംകുന്നം ഫൊറോനാ പള്ളി, എസ്.ജെ.ബി.എച്ച്.എസ്.എസ്, സി ബി എസ് ഇ സ്കൂൾ, ബി എഡ് കോളേജ് അടക്കം സ്ഥിതി ചെയ്യുന്ന പള്ളിപ്പടി പ്രദേശത്തെ റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നതായി ജനകീയ സമിതി അംഗങ്ങൾ പറഞ്ഞു. കുഴികൾ അടച്ച് റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി അപകടങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തു വകുപ്പ് അധികൃതർക്ക് നിവേദനം നൽകുന്നതിൻ്റെ ഭാഗമായാണ് എൽ.ഡി.എഫ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണവും റോഡ് ഉപരോധവും നടത്തിയത്. പള്ളിപ്പടിയിൽ നടന്ന ഒപ്പുശേഖരണം നെടുംകുന്നം എസ്.ജെ.ബി.എച്ച്.എസ് പ്രിൻസിപ്പാൾ തോമസുകുട്ടി മാത്യു ഉദ്ഘാടനം ചെയ്തു. ജോൺസി കാട്ടൂർ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ്‌ നേതാക്കളായ എ കെ ബാബു, റജി പോത്തൻ, മിനി ജോജി, വർഗീസ് ചാക്കോ, കെ സി ജോൺ, പി സി ദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോ ജോസഫ്, കെ എൻ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.